കൊച്ചി: യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ലുക്‌മാൻ അവറാൻ. സഹനടയാനെത്തി നിരവധി മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച താരം ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. തീയേറ്ററുകളിൽ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നു 'ടർക്കിഷ് തർക്കം'. സണ്ണി വെയ്‌നും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം റിലീസായത് മുതൽ വലിയ വിമർശനങ്ങളാണ് നേരിട്ടത്.

ഇപ്പോഴിതാ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമാതാക്കളായ ബിഗ് പിക് ചേർസ് വ്യക്തമാക്കിയിരിക്കുകയാണ്. നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം മതനിന്ദ നടത്തിയെന്ന് വിമർശനങ്ങളെ തുടർന്നാണ് പിൻവലിക്കുന്നത്.

കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടാണ് നിർമ്മാതാക്കൾ ഇകാര്യം അറിയിച്ചത്. സിനിമയിൽ ഒരു മതത്തെയും അവഹേളിക്കുന്നില്ലെന്ന് നിർമാതാക്കൾ പറഞ്ഞു. തെറ്റിധാരണ മാറ്റിയതിനു ശേഷം ടർക്കിഷ് തർക്കം വീണ്ടും തിയേറ്ററുകളിൽ എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നവംബർ 22 നാണ് ചിത്രം റിലീസായത്. മാസി എന്ന യുവാവായി ലുക്മാനും നസ്രത്ത് എന്ന യുവതിയായി ആമിന നിജാമും അഭിനയിച്ച ചിത്രത്തിൽ സണ്ണി വെയ്ൻ പൊലീസ് വേഷത്തിലാണ് എത്തിയത്.

ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ, ജോളി ചിറയത്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം അറുപത്തി ഒന്നിൽപ്പരം ആർട്ടിസ്റ്റുകളും 'ടർക്കിഷ് തർക്ക'ത്തിൽ അണിനിരക്കുന്നുണ്ട്.

അബ്‌ദുൽ റഹിമാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കെട്ടിയോളാണ് എന്റെ മാലാഖ,അടിത്തട്ട്, നെയ്മർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നൗഫൽ അബ്‌ദുള്ള എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ഇഫ്‌തി ആണ്.

സിമി ശ്രീ, അനൂപ് തോമസ് എന്നിവരാണ് 'ടർക്കിഷ് തർക്ക'ത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഇഫ്തിയാണ് ടർക്കിഷ് തർക്കത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ശ്രീ. വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു.പി.കെ, ഡിസൈൻസ് തോട്ട് സ്റ്റേഷൻ, ആർട്ട് മെഷീൻ‌, പി ആർ ഓ പ്രതീഷ് ശേഖർ.