ഹൈദരാബാദ്: 2024 ല്‍ ഏറ്റവും അധികം ചര്‍ച്ചയായ ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ തുടരുന്നു. ഡിസംബറിലാണ് സിനിമ തീയറ്ററുകളില്‍ എത്തിയത്. ഇതിനോടകം തന്നെ 1831 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നിന്ന് സമാഹരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ കട്ട് ചെയ്ത ഭാഗങ്ങളുമായി പുഷ്പ 2 വീണ്ടും റിലീസ് ചെയ്യുകയാണ്. സിനിമയുടെ ഏറ്റവും പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 17 ആണ് പുഷ്പയുടെ പുതിയ വെര്‍ഷന്‍ തിയറ്ററുകളില്‍ എത്തുന്നത്. നിലവില്‍ മൂന്ന് മണിക്കൂര്‍ 25 മിനുറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ഇതിനൊപ്പം ഒഴിവാക്കിയ 20 മിനുറ്റ് കൂടി ചേര്‍ത്താണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.. സംഘട്ടന രംഗങ്ങള്‍ അടക്കം പുതുതായി എത്തും എന്നാണ് വിവരം. ഇതോടെ ചിത്രം ബോക്‌സോഫീസില്‍ 2000 കോടി കടക്കുമെന്നാണ് സിനിമ അനലിസ്റ്റുകളുടെ നിഗമനം.

പുഷ്പ2 ല്‍ അല്ലു അര്‍ജുനെ കൂടാതെ രശ്മിക, ഫഹദ് ഫാസില്‍, സുനില്‍, അനുശ്യ, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സംഗീതം ദേവി ശ്രീ പ്രസാദ് ആണ്.മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.