മണിരത്‌നവും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും 33 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുന്നതായിൻ റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രജനികാന്തിന്റെ പിറന്നാള്‍ ദിവസമായ ഡിസംബര്‍ 12-ന് ഉണ്ടായേക്കും.

ഹിറ്റ് ചിത്രം 'ദളപതി'യാണ് ഇരുവരും ഒന്നിച്ച ഏക ചിത്രം. 1991ൽ റിലീസായ ചിത്രം തീയേറ്ററിൽ വൻ വിജയം നേടിയിരുന്നു. രജനികാന്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് 'ദളപതി'യെ വിലയിരുത്തുന്നത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ. ജയന്‍, ചാരുഹാസന്‍ എന്നിവരും മറ്റുപ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ക്ക് ഇന്നും പ്രേക്ഷകർ ഏറെയാണ്. സന്തോഷ് ശിവൻ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

കമല്‍ഹാസനുമായി ഒന്നിക്കുന്ന തഗ്‌ലൈഫാണ് മണിരത്‌നത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 36 വര്‍ഷങ്ങള്‍ക്കുശേഷം കമലുമായി ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. 1987 ൽ പുറത്തിറങ്ങിയ 'നായകൻ' ആയിരുന്നു കമൽ-മണിരത്നം കൂട്ടുകെട്ടിലെ ചിത്രം. തഗ്‌ലൈഫിനു ശേഷം രജിനിയുമായുള്ള തന്റെ അടുത്ത ചിത്രത്തിന്റെ അണിയറപ്രവർത്തങ്ങൾ മണിരത്‌നം ആരംഭിക്കുമെന്നാണ് റിപ്പോർട്ട് .

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.