മുംബൈ: ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമെന്ന റെക്കോർഡിലേക്ക് കുതിക്കുകയാണ് 'മാർക്കോ'. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് അന്യഭാഷാ ബോക്സ് ഓഫീസുകളിലും മികച്ച പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് 3 കോടി രൂപക്ക് വിറ്റിരുന്നു. ബോളിവുഡിലും ചിത്രത്തിന് വൻ സ്വീകാര്യതാണ് ലഭിക്കുന്നത്. രണ്ടാം വാരത്തില്‍ കൂടുതല്‍ 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.

'മാര്‍ക്കോ' സിനിമയ്ക്കു ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രശംസ ഇതിനു മുമ്പ് ഒരു സിനിമയ്ക്കും കേട്ടിട്ടില്ലെന്നാണ് രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചത്. ചിത്രം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു. ഞാനും ഉണ്ണി മുകുന്ദനാല്‍ കൊല്ലപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും നടനെ ടാഗ് ചെയ്ത് രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു.

ഹിന്ദി പതിപ്പിന് പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്.

ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രമാകും മാര്‍ക്കോ എന്നാണ് കണക്ക് കൂട്ടൽ. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.