മുംബൈ: ബോളിവുഡില്‍ സംവിധായകനായി അരങ്ങേറാന്‍ റോഷന്‍ ആന്‍ഡ്രൂസ്.ഷാഹിദ് കപൂറിനെ നായകനാക്കിയാണ് റോഷന്‍ ആന്‍ഡ്രൂസ് ആദ്യ ബോളിവുഡ് ചിത്രം ഒരുക്കുന്നത്.ദേവ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയാണ്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ദേവാ ഒരു ആക്ഷന്‍ ത്രില്ലറാണ്. പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് ചിത്രത്തില്‍ എത്തുന്നത്.പൂജ ഹെഗ്ഡേ നായികയായെത്തുന്ന ചിത്രത്തില്‍ പാവല്‍ ഗുലാത്തി, പര്‍വേഷ് റാണ എന്നിവരും പ്രധാന താരങ്ങളാകുന്നു.85 കോടി രൂപ മുതല്‍മുടക്കാണ് ചിത്രം നിര്‍മ്മിക്കുന്നത്.അനിമല്‍ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ദേവയുടെ ചിത്രീകരണം പൂര്‍ത്തിയായി.ഇക്കാര്യം വ്യക്തമാക്കി സംവിധായകന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.ഷാഹിദ് കപൂറിനേയും മറ്റു അണിയറ പ്രവര്‍ത്തകരെയും ആലിംഗനം ചെയ്തു യാത്രപറയുന്ന പാക്കപ്പ് വിഡിയോയൊക്കൊപ്പമാണ് റോഷന്‍ ആന്‍ഡ്രൂസ് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്. റോഷന്‍ ആന്‍ഡ്രൂസിനെ കയ്യടിച്ച് അഭിനന്ദിക്കുന്ന ഷാഹിദിനെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും വിഡിയോയില്‍ കാണാം.

'ദേവാ ഇന്ന് പാക്കപ്പ് ആവുകയാണ്. എല്ലാവര്‍ക്കും നന്ദി. എന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചതിനും എനിക്കുവേണ്ടി നിലകൊണ്ടതിനും നിര്‍മ്മാതാവ് സിദ്ധാര്‍ഥ് റോയ് കപൂറിന് എന്റെ ആത്മാര്‍ഥമായ നന്ദി.എന്നൊപ്പം പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും ആലിംഗനവും സ്നേഹവും.എന്റെ ദേവാ ഷാഹിദ് കപൂറിന് ഒരുപാട് നന്ദി.'' എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചത്.

'ഒരു സിനിമയുടെ പാക്കപ്പ് പറയാന്‍ ഇതിലും നല്ലൊരു നിമിഷമില്ല. ഇതൊരു പ്രത്യേക അനുഭൂതിയായിരുന്നു. ഈ ചിത്രം നിങ്ങളെ ആവേശഭരിതരാക്കാന്‍ എത്തുകയാണ്. എന്നിലെ കഴിവുകളെ ഇടിച്ചുപിഴിഞ്ഞെടുത്ത ഒരു മോണ്‍സ്റ്റര്‍ ഫിലിമിന് ഇന്ന് പരിസമാപ്തിയാവുകയാണ്.ഫെബ്രുവരി 14-ന് ദേവ തിയറ്ററിലെത്തുമ്പോള്‍ നിങ്ങളോടൊപ്പം ഇത് ആസ്വദിക്കാന്‍ ഞാനും കാത്തിരിക്കുകയാണ്.'എന്നാണ് ഷാഹിദ് കപൂറിന്റെ വാക്കുകള്‍.ബോളിവുഡില്‍ സംവിധായകനായി അരങ്ങേറാന്‍ റോഷന്‍ ആന്‍ഡ്രൂസ്; ആദ്യ ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍; 'ദേവ'യുടെ ചിത്രീകരണം പൂര്‍ത്തിയായി