കൊച്ചി: നടിമാര്‍ക്ക് സെറ്റില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദിത്തം സിനിമ നിര്‍മാതാക്കള്‍ക്കാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെറ്റില്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കും.

സിനിമ സാങ്കേതിക രംഗത്തേക്ക് കൂടുതല്‍ വനിതകളെ കൊണ്ടുവരും. അതിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും സാംസ്‌കാരികമന്ത്രി വ്യക്തമാക്കി. സിനിമാരംഗത്തെ പുരുഷമേധാവിത്വം അവസാനിപ്പിക്കും. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പുവരുത്തും. സിനിമ സാംസ്‌കാരിക വകുപ്പും ചില പരിശോധനകള്‍ നടത്തുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. നടി വിന്‍സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

ശക്തമായ നടപടി സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവും. സിനിമാ മേഖലയിലെ ലഹരി ഉപയോഗം നേരത്തെ ശ്രദ്ധയില്‍പ്പെട്ടതാണ്. വിന്‍സിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമായി കാണുന്നുവെന്നും നേരത്തേ ആരും ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമാമേഖലയില്‍ ലഹരി പൂര്‍ണമായും ഒഴിവാക്കാന്‍ നയം കൊണ്ടുവരും. അതിനിടെ, ഡാന്‍സാഫ് സംഘത്തിന്റെ ലഹരിപരിശോധനക്കിടെ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെ 10ഓടെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്.