തിരുവനന്തപുരം: അതിജീവിതയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളമേളയുടെ ഉദ്ഘാടനവേദിയില്‍ പ്രഖ്യാപിച്ച് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. ഉദ്ഘാടന പ്രസംഗം ആരംഭിച്ചയുടനെയാണ് അതിജീവിതയ്ക്കുള്ള പിന്തുണയായി ഈ സമ്മേളനത്തെ പ്രഖ്യാപിക്കുന്നുവെന്ന് മന്ത്രി പറഞ്ഞത്.

26-ാം ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കുന്ന വേദിയിലും ഐഎഫ്എഫ്‌കെ അതിന്റെ നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ആക്രമണത്തില്‍ രണ്ടുകാലുകളും നഷ്ടമായിട്ടും പോരാട്ടം നിര്‍ത്താതെ തുടര്‍ന്ന ലിസ ചലാന്റെ കൂടെ അന്ന് വേദിയില്‍ തലയുയര്‍ത്തിനിന്നത് പോരാട്ടത്തിന്റെ പെണ്‍പ്രതീകമായ, മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ്.

എന്നും എപ്പോഴൂം അവള്‍ക്കൊപ്പമാണ് ഐഎഫ്എഫ്‌കെ എന്ന് ഊന്നിപ്പറയുന്ന ഉറച്ച നിലപാടിന്റെ പ്രകടനമായിരുന്നു അത്. നിശാഗന്ധിയില്‍ ഒത്തുകൂടിയ രണ്ടായിരത്തോളം ഡെലിഗേറ്റുകള്‍ എഴുന്നേറ്റുനിന്ന് കുറേ നേരം കരഘോഷം മുഴക്കി 'അവള്‍ക്കൊപ്പമാണ് ഞങ്ങള്‍' എന്ന് ഉറക്കെ പ്രഖ്യാപിച്ചു. പെണ്‍പോരാട്ടങ്ങള്‍ക്ക് കേരളത്തിലെ ഏറ്റവും പ്രചോദനകരമായ മാതൃകയായാണ് മലയാളത്തിന്റെ പ്രിയനടിയെ ഐഎഫ്എഫ്‌കെ കാണുന്നത് എന്ന യാഥാര്‍ഥ്യത്തിന് ശക്തമായ അടിവരയിടുകയായിരുന്നു ആ വേദിയെന്നും മന്ത്രി പറഞ്ഞു.

ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ 30 എഡിഷനുകള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ഏകചലച്ചിത്രമേളയാണ് ഐഎഫ്എഫ്‌കെ. കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ പ്രവര്‍ത്തനനിരതവും ഊര്‍ജസ്വലവുമാക്കുന്നതിനു പിന്നിലെ സുപ്രധാന ചാലകശക്തിയായി വര്‍ത്തിക്കുന്നത് ഐഎഫ്എഫ്‌കെയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഐഎഫ്എഫ്‌കെ സര്‍ഗാത്മകമായ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

ഉയര്‍ന്ന കലാബോധവും ഉന്നതമായ ആസ്വാദനശേഷിയുമുള്ളവരുടെ കൂട്ടായ്മയാണിത്. ഏകാധിപത്യ, വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനും അതുവഴി വിശാലമാനവികതയുടെ സന്ദേശം പരത്താനും ഉതകുന്ന ഒരു സാംസ്‌കാരിക പ്രതിരോധ പരിപാടി കൂടിയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.