കൊച്ചി: നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ 'സർവ്വം മായ' എന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ടാണ് ഫാന്റസി ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിവിൻ പോളിയും അജു വർഗ്ഗീസും ഒരുമിച്ചെത്തുന്ന പത്താമത്തെ ചിത്രം കൂടിയാണ് 'സർവ്വം മായ'.

ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് നിവിൻ പോളി രംഗത്തെത്തി. "ഈ സിനിമ നിങ്ങളുടേതാക്കിയതിന് ഒരുപാട് നന്ദി. എൻ്റെ മനസ് നിറഞ്ഞിരിക്കുന്നു," എന്ന് അദ്ദേഹം പ്രേക്ഷകരോടും ആരാധകരോടുമായി കുറിച്ചു. നിവിൻ പോളിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായാണ് 'സർവ്വം മായ'യെ സിനിമാ നിരൂപകരും പ്രേക്ഷകരും ഒരുപോലെ വിലയിരുത്തുന്നത്. 'ഇതാണ് കം ബാക്ക് മൊമന്റ്' എന്ന കമന്റുകളോടെ സോഷ്യൽ മീഡിയയിൽ ചിത്രം തരംഗമായി മാറിയിട്ടുണ്ട്.

അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' ക്രിസ്മസ് റിലീസായി ഡിസംബർ 25-നാണ് തിയറ്ററുകളിലെത്തിയത്. പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഈ ചിത്രം, നിവിൻ പോളിക്ക് ഒരു ഗംഭീര തിരിച്ചുവരവ് സമ്മാനിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് ഊർജ്ജം പകർന്നിരുന്നു. ചിത്രത്തിലെ 'ദെലുലുവിൻ്റെ' പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമീപകാലത്ത് കണ്ട മികച്ച എന്റർടെയിനറുകളിലൊന്നായാണ് പ്രേക്ഷകർ ഈ ചിത്രത്തെ വിലയിരുത്തുന്നത്.