കൊച്ചി: 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'സർവം മായ'യുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. ഫാന്റസി ഹൊറർ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ നിവിൻ പോളിയും അജു വർഗീസും വീണ്ടും ഒന്നിക്കുന്നു. ഇത് ഇരുവരും ഒരുമിക്കുന്ന പത്താമത്തെ ചിത്രമാണ്.

പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറിൽ നിവിൻ പോളിയുടെ വിവിധ ഭാവങ്ങൾ കാണാം. ഗൗരവ ഭാവത്തിൽ എന്തോ കണ്ടെത്താൻ ശ്രമിക്കുന്ന താരത്തെയും, തുടർന്ന് ചന്ദനക്കുറിയണിഞ്ഞ് നിഷ്കളങ്കമായി ചിരിക്കുന്ന നിവിൻ പോളിയെയും ടീസറിൽ അവതരിപ്പിച്ചിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്ന സൂചനയും ടീസറിലുണ്ട്.

നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രങ്ങളിലൂടെ അഖിൽ സത്യനും കോമഡി രംഗങ്ങളിൽ കഴിവു തെളിയിച്ച നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുമ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. സംഗീതത്തിനും ചിത്രത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

നിവിൻ പോളി, അജു വർഗീസ് എന്നിവരെ കൂടാതെ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം നൽകിയിരിക്കുന്നത്.