മോഹന്‍ലാലുമായി സഹകരിക്കുന്നത് സിനിമയെ ജോലിയല്ല, ആനന്ദമാക്കുന്നതായി പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. തൃശ്ശൂരിലെ ഒരു തീയേറ്ററില്‍ തന്റെ പുതിയ ചിത്രം ഹൃദയപൂര്‍വ്വം കാണാനെത്തിയ പ്രേക്ഷകരുമായി സംവദിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്.

'ഈശ്വരാനുഗ്രഹത്താല്‍ ഹൃദയപൂര്‍വ്വം പുറത്തിറങ്ങിയ ആദ്യ ദിവസം മുതല്‍ ലഭിക്കുന്ന പ്രതികരണം ആവേശകരമാണ്. മോഹന്‍ലാലും ഞാനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതയും എനിക്ക് വലിയ സന്തോഷവും,' സത്യന്‍ അന്തിക്കാട് പറഞ്ഞു.

ചിത്രത്തിന്റെ കഥ മകന്‍ അഖില്‍ സത്യന്‍ രചിച്ചതാണെന്നും, അനൂപ് സത്യന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചതായി അദ്ദേഹം അറിയിച്ചു. 'മൂത്തമകന്‍ അരുണ്‍ ചിത്രത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനും ഉപദേശകനുമാണ്,' സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഹൃദയപൂര്‍വ്വം കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രം ആണെന്നും, വിജയമായി മാറുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.