കൊച്ചി: റിലീസിനൊരുങ്ങി സംവിധായകൻ പ്രദീപ് അരസിക്കരെ സംവിധാനം ചെയ്യുന്ന 'ശേഷം 2016'. ദ്വിഭാഷാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 2026 മാർച്ച് 6ന് തിയറ്ററുകളിലെത്തും. മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ഈ ചിത്രം, കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന അന്വേഷണമാണ് പ്രമേയമാക്കുന്നത്. പോലീസിൽ നിന്ന് നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു.

"പോലീസിന് മാത്രം... ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല..." എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രം ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയ യുവ മലയാള താരങ്ങൾക്കൊപ്പം പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ പ്രമുഖ കന്നഡ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മറാടിഗുഡ്ഡ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് 'ശേഷം 2016' നിർമ്മിക്കുന്നത്. സംവിധായകൻ പ്രദീപ് അരസിക്കരെയും രാഘവേന്ദ്ര മയ്യയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, കന്നഡയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംഭാഷണം ലിതിൻ ലോഹിതാക്ഷൻ നായരും പ്രദീപ് അരസിക്കരെയും ചേർന്നാണ്.