ചെന്നൈ: നടന്‍ ശിവ കാര്‍ത്തികേയന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനിടെ ഇത് നീളുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ആദ്യ ചിത്രത്തിനായി താരം വന്‍ തുക പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് വിവരം. ശിവ കാര്‍ത്തികേയന്റെ പ്രതിഫല ഡിമാന്‍ഡ് സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിനെ അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്കിലും തമിഴിലും അമരന്റെ വന്‍ വിജയത്തിന് ശേഷമാണ് ശിവ കാര്‍ത്തികേയനുമായി സഹകരിക്കാന്‍ ത്രിവിക്രം താല്‍പര്യം പ്രകടിപ്പിച്ചത്. ഈ വര്‍ഷം ആദ്യം ചെന്നൈയില്‍ വെച്ച് ത്രിവിക്രമിന്റെ ടീമും ശിവ കാര്‍ത്തികേയനും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. ത്രിവിക്രമിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച താരം പ്രോജക്റ്റിനായി 70 കോടി രൂപ പ്രതിഫലം ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ അപ്രതീക്ഷിത ആവശ്യം ത്രിവിക്രമിനെയും സംഘത്തെയും ഞെട്ടിച്ചെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന ബജറ്റ് കാരണം ഈ പദ്ധതി സാമ്പത്തികമായി പ്രായോഗികമല്ലെന്ന് ത്രിവിക്രമിന് തോന്നിയെന്നും ശിവ കാര്‍ത്തികേയനുമായി പ്രവര്‍ത്തിക്കാനുള്ള തീരുമാനം തല്‍ക്കാലം ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചതായാണ് വിവരം. വെങ്കിടേഷിനു വേണ്ടി ഒരു തിരക്കഥ ഒരുക്കുന്നതിലാണ് ത്രിവിക്രം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പ്രോജക്ടിന്റെ ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. അല്ലു അര്‍ജുനൊപ്പമുള്ള മറ്റൊരു ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനിലും അദ്ദേഹം പങ്കാളിയാണ്, പക്ഷേ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.