- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് നടി ദിഷാ പഠാനിയുടെ വീടിന് നേരെയുണ്ടായ വെടിവെപ്പ്; പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഗാസിയാബാദ്: ബോളിവുഡ് നടി ദിഷാ പഠാനിയുടെ വീട്ടിന് പുറത്ത് വെടിവെപ്പ് നടത്തിയ കേസിലെ പ്രതികളായ രണ്ട് പേർ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) ഡൽഹി പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റും സംയുക്തമായി ബുധനാഴ്ച ഗാസിയാബാദിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സെപ്റ്റംബർ 12-ന് പുലർച്ചെ ദിഷാ പഠാനിയുടെ ബറേലിയിലെ വീട്ടിക്കു പുറത്ത് അജ്ഞാതരായ അക്രമികൾ വെടിയുതിർത്ത സംഭവം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സംഭവസമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ല. നടിയുടെ പിതാവും മുൻ പോലീസ് സൂപ്രണ്ടുമായ ജഗ്ദീഷ് സിങ് പഠാനി, നടിയുടെ അമ്മ, സഹോദരി എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും, പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. രോഹ്തക്കിലെ കഹ്നി സ്വദേശി രവീന്ദ്ര, സോനിപത്തിലെ ഗോഹാന റോഡിലെ ഇന്ത്യൻ കോളനി നിവാസി അരുൺ എന്നിവരാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ആക്രമണം നടന്നതിന് പിന്നാലെ ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.
സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഗോള്‍ഡി ബ്രാര്‍ പറഞ്ഞത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിൽ വെച്ച് പോലീസ് ഇവരെ വളയുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.