ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് വീണ്ടും റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ഐതിഹാസിക ചിത്രം 'പടയപ്പ' ആരാധകർക്കൊപ്പം കണ്ട് മകൾ സൗന്ദര്യ രജനീകാന്ത്. ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസിൽ നടന്ന പ്രത്യേക പ്രദർശനത്തിനിടെ ആരാധകർക്കൊപ്പം കൈയടിക്കുകയും വിസിലടിക്കുകയും ചെയ്യുന്ന സൗന്ദര്യയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ചിത്രം കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, "രജനീകാന്ത് ഒരു വികാരമാണ്, പടയപ്പ ഒരു വികാരമാണ്" എന്ന് സൗന്ദര്യ പറഞ്ഞു. 25 വർഷത്തിനുശേഷവും ചിത്രം ഇത്രയും ആവേശത്തോടെ ആഘോഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഒരു പുതിയ സിനിമ കാണുന്നതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഡിസംബർ 12-ന് സിനിമ കാണാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിറ്റേന്ന് തിരുപ്പതി യാത്രയുള്ളതിനാൽ അന്നേദിവസം എത്താൻ കഴിഞ്ഞിരുന്നില്ലെന്നും സൗന്ദര്യ വ്യക്തമാക്കി. തന്റെ പിതാവിന് ആശംസകൾ നേർന്ന എല്ലാ ആരാധകർക്കും അദ്ദേഹവും കുടുംബം മുഴുവനും നന്ദി അറിയിക്കുന്നതായും സൗന്ദര്യ പറഞ്ഞു.

രജനീകാന്തിന്റെ 75-ാം ജന്മദിനത്തോടും സിനിമാ ജീവിതത്തിലെ 50 വർഷം പൂർത്തിയാക്കുന്നതിനോടും അനുബന്ധിച്ച് ഡിസംബർ 12-നാണ് 25 വർഷം മുൻപിറങ്ങിയ 'പടയപ്പ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തത്. ഹൗസ്ഫുൾ ഷോകളോടെയും ആരാധകരുടെ അഭൂതപൂർവമായ ആവേശത്തോടെയുമാണ് ചിത്രം പ്രദർശനം തുടരുന്നത്.