ചെന്നൈ: സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്. ഇതോടെ ആരാധകർ ഒന്നടങ്കം ആവേശത്തിലായിരിക്കുകയാണ്. തന്റെ അടുത്ത ചിത്രമായ 'ജനനായകന്‍' സിനിമയുടെ റിലീസ് തീയതി പുറത്ത്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2026 ജനുവരി 9 ആണ് റിലീസ് തീയതി.

സമൂഹമാധ്യമങ്ങളിലൂടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് വിജയ് ജനനായകന്റെ വരവറിയിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയാണ് ഒരുങ്ങുന്നത്. ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

അതേസമയം, തമിഴക മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുമായി സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന സിനിമയാകും ഇതെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് വലിയ ഹൈപ്പോടെയാണ് സിനിമയെത്തുന്നത്. തമിഴ്‌നാടിന്റെ ഇളയ ദളപതിയെ തിയേറ്ററില്‍ കാണാന്‍ കഴിയുന്ന അവസാന അവസരത്തിനായി വളരെ ആകാംക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകര്‍.