ചെന്നൈ: കോളിവുഡിൽ നിരവധി ക്ലാസ്സിക് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് മണി രത്നം. 1991 ൽ പുറത്തിറങ്ങിയ മണി രത്നത്തിന്റെ 'ദളപതി' തെന്നിന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. രജനികാന്തിനൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. രജനികാന്തിന്റെ തന്നെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു 'ദളപതി'.

ഇപ്പോൾ ചിത്രം വീണ്ടും തീയറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രം സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12 ആണ് തിയറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത്. എസ്എസ്ഐ പ്രൊഡക്ഷൻസ് ആണ് ചിത്രം തമിഴ്നാട്ടിലും കർണാടകയിലും റിലീസ് ചെയ്യുന്നത്.ഈ വർഷം 74മത്തെ ജന്മദിനമാണ് രജനികാന്ത് ആഘോഷിക്കുന്നത്.

33 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ദളപതി' തമിഴിൽ മാത്രമല്ല ആഘോഷിക്കപ്പെട്ടത്. സൂര്യ എന്ന കഥാപാത്രമായി രജിനിയോടൊപ്പം മമ്മൂട്ടിയുടെ ദേവ എന്ന കഥാപാത്രവും പ്രേക്ഷകരുടെ കയ്യടി നേടി. അരവിന്ദ് സാമി, അമരീഷ് പുരി, ശോഭന, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത, നാഗേഷ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം തലമുറ വ്യത്യാസമില്ലാതെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റിട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

2022 ൽ രജനിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'ബാബാ' റീ റിലീസ് ചെയ്തിരുന്നു.മികച്ച പ്രതികരണമായിരുന്നു അന്ന് ചിത്രത്തിന് ലഭിച്ചത്. 'ബാബ'യെ പോലെ വലിയ രീതിയിലുള്ള റിലീസ് ആണ് 'ദളപതി'ക്കും പദ്ധതിയിടുന്നത്.