കൊച്ചി: അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും 32 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും പദയാത്രയ്ക്കുണ്ട്. 1994-ൽ പുറത്തിറങ്ങിയ 'വിധേയന്' ശേഷം ഇരുവരും കൈകോർക്കുന്ന ചിത്രം എന്ന നിലയിൽ വലിയ ആവേശത്തിലാണ് സിനിമാ ലോകം. ചിത്രത്തിന്റെ പാക്ക് അപ്പ് വിവരം മമ്മൂട്ടി കമ്പനി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മീര സാഹിബാണ് മുഖ്യ സംവിധാന സഹായി. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രവീൺ പ്രഭാകറാണ്. സംഗീതം മുജീബ് മജീദും കലാസംവിധാനം ഷാജി നടുവിലും നിർവഹിക്കുന്നു. 'കളങ്കാവലി'ന് ശേഷം മമ്മൂട്ടി കമ്പനിയിൽ നിന്ന് പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.

ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. തിരക്കഥയുടെ രചന വേളയിൽ തന്നെ കേന്ദ്ര കഥാപാത്രമായി തന്റെ മനസ്സിൽ തെളിഞ്ഞത് മമ്മൂട്ടിയുടെ മുഖം മാത്രമായിരുന്നു എന്ന് അടൂർ ഗോപാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം ഈ പ്രോജക്റ്റിലേക്ക് മമ്മൂട്ടിയെ ക്ഷണിച്ചത്.

മമ്മൂട്ടി അടൂർ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. 1987ൽ അനന്തരം എന്ന ചിത്രത്തിലൂടെയാണ് അടൂർ ആദ്യമായി മമ്മൂട്ടിയുമായി ഒന്നിച്ചത്. പിന്നീട് മതിലുകൾ (1990), വിധേയൻ (1994) എന്നീ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി. 32 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആകാംക്ഷയിലാണ് ആരാധകർ.