ചെന്നൈ: വിജയ് നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ മേക്കിങ് വിഡിയോ പുറത്ത്. ചിത്രത്തിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ വിഡിയോ പുറത്തുവിട്ടത്. മാസ്റ്ററിന് ശേഷം വിജയും ലോകേഷും വീണ്ടും ഒന്നിച്ച ചിത്രം വൻ വിജയമായിരുന്നു.

മേക്കിങ് വിഡിയോയിൽ വിജയെയും ചിത്രത്തിലെ മറ്റ് താരങ്ങളെയും കാണാം. വിഡിയോയുടെ അവസാനം ഒരു ടീസറും ഉൾപ്പെടുത്തിയിട്ടുണ്ട്. സെറ്റിൽ താരങ്ങളും അണിയറപ്രവർത്തകരും ഒരുമിച്ചുള്ള നിമിഷങ്ങൾ വിഡിയോയിലുണ്ട്. എന്നാൽ, വിഡിയോയിലെ ഒരു ഫ്രെയിമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒരു ലോറിയിൽ 'റോളെക്സ്' എന്ന് എഴുതിയതും സൂര്യയുടെ ചിത്രവും കണ്ടതോടെ, 'ലിയോ'യുടെയും 'റോളെക്സ്' കഥാപാത്രത്തെയും ഒരുമിപ്പിക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ ഒറിജിനൽ സൗണ്ട് ട്രാക്ക് (OST) ഇതുവരെ പുറത്തിറങ്ങാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചു. സംഗീത സംവിധായകൻ അനിരുദ്ധ് നേരത്തെ OST പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിവരങ്ങളൊന്നും ഉണ്ടായില്ല. ചിത്രം പുറത്തിറങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും OST ലഭ്യമല്ലാത്തതിലുള്ള അതൃപ്തി പലരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നു. 'ലിയോ'യിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തിയത്. തൃഷയായിരുന്നു ചിത്രത്തിലെ നായിക.