ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നിർമ്മാണ, വിതരണ കമ്പനിയായ റെഡ് ജയന്റ് മൂവീസിന്‍റെ തലപ്പത്തേക്ക് നടനും നിർമ്മാതാവും തമിഴ്നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ മകനും എത്തുന്നു. 21 വയസ്സുള്ള ഇന്‍പനിധി സ്റ്റാലിനാണ് കമ്പനിയുടെ പുതിയ അമരക്കാരനാവുന്നത്. 2008 ൽ ഉദയനിധി സ്റ്റാലിൻ ആരംഭിച്ച റെഡ് ജയന്റ് മൂവീസ്, വിജയ് നായകനായ 'കുരുവി' ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇൻപനിധി ചുമതലയേറ്റെടുക്കുന്ന ആദ്യ ചിത്രം ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡ്‌ലി കടൈ'യാണ്. രജനികാന്ത് ചിത്രം 'തിരുച്ചിത്രാബലം' എന്ന ചിത്രത്തിനു ശേഷം ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന ചിത്രമാണിത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തിൽ ശാലിനി പാണ്ഡെയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വണ്ടർബാർ ഫിലിംസ്, ഡോൺ പിക്ചേഴ്സ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.