കൊച്ചി: വമ്പൻ ഹൈപ്പോടെ തീയേറ്ററുകളിൽ ഏതാണ് പോകുന്ന മലയാള ചിത്രമാണ് 'മാർക്കോ'. ഉണ്ണി മുകുന്ദൻ നായകനാവുന്ന ചിത്രം റെക്കോർഡുകൾ തകർക്കുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്കുള്ളത്. ആരാധകരും വലിയ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്.

ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും. ഏതാനും നാളുകൾക്ക് മുമ്പ് റിലീസ് ചെയ്ത മാർക്കോയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് ടീസറും പുറത്തുവന്നിരുന്നു. വൻ പ്രേക്ഷക സ്വീകാര്യതയാണ് ഇതിന് ലഭിച്ചതും. ഉണ്ണി മുകുന്ദൻ തന്നെയാണ് എല്ലാ ഭാഷകളിലും കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്. ഇപ്പോഴിതാ അഞ്ച് മില്യൺ കാഴ്ചക്കാരെന്ന നേട്ടവും ടീസർ സ്വന്തമാക്കി കഴിഞ്ഞു.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മിച്ച കളക്ഷനാകും ചിത്രം നേടാൻ പോകുന്നതെന്നാണ് കണക്ക് കൂട്ടൽ. ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് വിവരം. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. രവി ബസ്രൂർ ആണ് സം​ഗീതം ഒരുക്കുന്നത്.

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.