ദീർഘകാലത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ പ്രണയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹം സ്ഥിരീകരിച്ചു. ആരാധകരോടുള്ള ആദരസൂചകമായി തങ്ങളുടെ വിവാഹത്തിന് 'വിരോഷ് വിവാഹം' എന്ന് പേരിട്ടിരിക്കുകയാണെന്ന് താരങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

തങ്ങളുടെ പ്രിയപ്പെട്ടവരോട് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ടാണ് ഇരുവരും വിവാഹവാർത്ത സ്ഥിരീകരിച്ചത്. "ഞങ്ങൾക്കുവേണ്ടി നിലകൊള്ളുകയും വിരോഷ് എന്ന് പേരിട്ട് സ്നേഹിക്കുകയും ചെയ്ത നിങ്ങൾക്ക്, ഈ ഒത്തുചേരലിനെ വിരോഷിന്റെ വിവാഹം എന്ന് വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടുള്ള ആദരവാണിത്. എന്നും സ്നേഹത്തോടെ ചേർത്തുപിടിച്ചതിന് നന്ദി. നിങ്ങൾ എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും," വിജയ് ദേവരകൊണ്ടയും രശ്മികയും പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിവാഹ തീയതിയോ സ്ഥലമോ താരങ്ങൾ തങ്ങളുടെ ഔദ്യോഗിക കുറിപ്പിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വെച്ചായിരിക്കും വിവാഹചടങ്ങുകൾ നടക്കുക. മാർച്ച് നാലിന് ഹൈദരാബാദിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിപുലമായ വിവാഹ സൽക്കാരം നടത്തുമെന്നും വിവരങ്ങളുണ്ട്.

നേരത്തെ വിജയ് ദേവരകൊണ്ടയുടേതെന്ന പേരിൽ ഒരു ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫെബ്രുവരി 26-ന് താനും രശ്മികയും വിവാഹിതരാകുന്നെന്നും മാർച്ച് നാലിന് രാത്രി ഏഴു മണിക്ക് ഹൈദരാബാദിൽ വിവാഹ സൽക്കാരം നടക്കുമെന്നും അതിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വിവരങ്ങളൊന്നും താരങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സ്ഥിരീകരിച്ചിട്ടില്ല. 2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ താരവിവാഹം ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സിനിമാ ലോകത്തും ആരാധകർക്കിടയിലും ആവേശം നിറയുകയാണ്.