ക്വാലലംപൂർ: നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമായ 'ജനനായകന്റെ' ഓഡിയോ ലോഞ്ച് മലേഷ്യൻ തലസ്ഥാനമായ ക്വാലലംപൂരിൽ നടന്നു. വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ബുകിത് ജലീൽ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ, സെപ്റ്റംബർ 41-ന് തമിഴക വെട്രി കഴകത്തിന്റെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോയൽ മലേഷ്യൻ പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. താരം എത്തിയ വിമാനം ലാൻഡ് ചെയ്തതും ഒരു കൂട്ടം മലായ് ബാലന്മാരുടെ അമ്പരിപ്പിക്കുന്ന പ്രകടനം ഉണ്ടായിരിന്നു. എല്ലാം കൗതുകത്തോടെ വീക്ഷിച്ച് നിൽക്കുകയായിരുന്നു ദളപതി.

'ദളപതി തിരുവിഴ' എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ ഇവന്റ് വിജയുടെ കരിയറിലെ സുപ്രധാനമായ ഒരധ്യായത്തിന് തിരശ്ശീല വീഴ്ത്തുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. ആരാധകർ ദളപതി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന വിജയ്, കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് സിനിമയിൽ നിന്ന് വിരമിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചത്. 'ജനനായകൻ' എന്ന ഈ ചിത്രം വരുന്ന പൊങ്കലിന് (ജനുവരി 9) തിയറ്ററുകളിൽ എത്തും. 75,000 മുതൽ 90,000 വരെ കാണികൾ എത്തുമെന്ന് സംഘാടകർ പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ജനസാഗരം വിജയുടെ ജനപ്രീതിക്ക് അടിവരയിട്ടു.

കഴിഞ്ഞ സെപ്റ്റംബർ 41-ന് തമിഴക വെട്രി കഴകത്തിന്റെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരണപ്പെട്ട സംഭവം കണക്കിലെടുത്ത്, ഈ ഓഡിയോ ലോഞ്ച് ഒരു രാഷ്ട്രീയ പരിപാടിയാക്കി മാറ്റരുതെന്ന് റോയൽ മലേഷ്യൻ പോലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. രാഷ്ട്രീയ പ്രസംഗങ്ങൾ, മുദ്രാവാക്യങ്ങൾ, ബാനറുകൾ, ചിഹ്നങ്ങൾ, ടി.വി.കെ.യുടെ കൊടി, ടീഷർട്ട്, ബാനർ എന്നിവയൊന്നും വേദിയിലോ സ്റ്റേഡിയത്തിലോ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

പരിപാടിയിൽ എസ്.പി.ബി. ചരൺ, വിജയ് യേശുദാസ്, ടിപ്പു, ഹരിചരൺ, ഹരീഷ് രാഘവേന്ദ്ര, കൃഷ്, ആൻഡ്രിയ ജെറമിയ, ശ്വേതാ മോഹൻ, സൈന്ധവി എന്നിവരുൾപ്പെടെ മുപ്പതോളം ഗായകർ വിജയ് ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. വിജയുടെ മാതാപിതാക്കളും സംവിധായകരായ ആറ്റ്ലി, നെൽസൺ ദിലീപ്കുമാർ, നടി പൂജ ഹെഗ്‌ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ധനുഷ്, ചിമ്പു തുടങ്ങിയ താരങ്ങളും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഈ ഓഡിയോ ലോഞ്ച്, വിജയുടെ സിനിമാ ജീവിതത്തിലെ ഒരു യുഗത്തിന്റെ അവസാനം കുറിക്കുകയും, അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നൽകുകയും ചെയ്യുന്ന ഒരു പ്രധാന ചടങ്ങായി മാറി.