ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിൽ തുടരുന്നു. നിയമപോരാട്ടത്തിൽ നിന്ന് പിൻവാങ്ങി, സെൻസർ ബോർഡുമായി 'പിൻവാതിൽ ധാരണ'ക്ക് നിർമ്മാതാക്കൾ ശ്രമിക്കുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. സജീവ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' റിലീസ് വൈകുന്നത് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് ഇതിനകം നൂറ് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന് മുൻനിശ്ചയിച്ച തീയതിയിൽ തിയേറ്ററുകളിൽ എത്താൻ കഴിയാതെ ഒരു മാസത്തോളമായി. കോളിവുഡ് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം, വിജയ്‍യുടെ രാഷ്ട്രീയ പ്രവേശന പശ്ചാത്തലത്തിൽ വലിയ ഹൈപ്പ് നേടിയിരുന്നു. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരുന്നെങ്കിലും, ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മാസം 27-ന് റദ്ദാക്കിയിരുന്നു. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർപേഴ്സന്റെ കത്ത് റദ്ദാക്കണമെന്ന ആവശ്യം ഉൾപ്പെടുത്തി ഹർജി പരിഷ്കരിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർമ്മാതാക്കൾക്ക് അനുമതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ, ഈ ഉത്തരവ് വന്ന് ഒൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും കെവിഎൻ പ്രൊഡക്ഷൻസ് ഹർജി പുതുക്കി സമർപ്പിക്കുകയോ സിംഗിൾ ബെഞ്ചിന് മുന്നിൽ വിഷയം വീണ്ടും ഉന്നയിക്കുകയോ ചെയ്തിട്ടില്ല. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനും നിർമ്മാതാക്കൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെൻസർ ബോർഡുമായി ഇവർ ഒരു ധാരണയിലെത്തി എന്ന സൂചന ശക്തമായത്. സെൻസർ ബോർഡ് ചെയർമാന്റെ നിർദേശത്തിന് വഴങ്ങി ചിത്രം റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാൻ നിർമ്മാതാക്കൾ സമ്മതിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിയമപരമായ പോരാട്ടങ്ങൾ അന്തിമ വിധി വൈകിപ്പിക്കുമെന്നത് കണക്കിലെടുത്താകണം നിർമ്മാതാക്കൾ ഈ നിലപാട് സ്വീകരിച്ചത്.

സെൻസർ ബോർഡിൽ നിന്ന് അനുകൂലമായ ഒരു തീരുമാനം ലഭിക്കുകയാണെങ്കിൽ, നിലവിലുള്ള ഹർജി പിൻവലിച്ച് ചിത്രത്തിന്റെ റിലീസിലേക്ക് കടക്കാൻ സാധിക്കും. എന്നാൽ, റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടു എന്നതുകൊണ്ട് മാത്രം റിലീസ് ഉടൻ സാധ്യമാകുമെന്ന് ഉറപ്പിക്കാനാവില്ല. കമ്മിറ്റിയുടെ തീരുമാനം അനുകൂലമായാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. ഈ നീക്കങ്ങൾക്കിടയിലും, ഏത് നിമിഷവും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ.