ടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. 'സിഗ്മ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ സുദീപ് കിഷനാണ് നായകനായി എത്തുന്നത്. പ്രമുഖ ബാനർ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ സുദീപ് കിഷൻ ഒരു പണക്കെട്ടിന് മുകളിൽ, കയ്യിൽ ബാർബെൽ പിടിച്ച് നിൽക്കുന്നതായാണ് കാണുന്നത്. തമൻ എസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. പ്രവീൺ കെഎൽ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ കോ-ഡയറക്ടർ സഞ്ജീവ് ആണ്. ഛായാഗ്രഹണം കൃഷ്ണൻ വസന്ത്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, പിആർഒ സുരേഷ് ചന്ദ്ര എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിദേശ സർവ്വകലാശാലകളിൽ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസൺ തന്റെ ആദ്യ ചിത്രം ഒരുക്കുന്നത്. 2020-ൽ ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷൻ ഡിപ്ലോമയും തുടർന്ന് ലണ്ടനിൽ നിന്ന് തിരക്കഥ രചനയിൽ ബിരുദവും നേടിയിട്ടുണ്ട്. വിജയ്‌യുടെ മകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്ന നിലയിൽ 'സിഗ്മ' ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ കവർന്നിട്ടുണ്ട്. മുമ്പ് പലരും ജേസണെ നായകനാക്കി സിനിമ ചെയ്യാൻ ശ്രമിച്ചിരുന്നു. വിജയ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, തന്റെ മകനെ നായകനാക്കി സിനിമയൊരുക്കാൻ കഥ പറഞ്ഞവരിൽ അൽഫോൺസ് പുത്രനും ഉൾപ്പെടുന്നു.

അതിനിടെ, വിജയ്‌യുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം 'ജൻ നായകൻ' അടുത്ത വർഷം ജനുവരി 9-ന് തിയേറ്ററുകളിലെത്തും. ഇത് വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായിരിക്കുമെന്നും സൂചനയുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.