- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്കി ദുല്‍ഖര്‍! ഇടവേളക്കുശേഷം വീണ്ടും പാന്‍ ഇന്ത്യന്‍ ഹിറ്റുമായി ഡി ക്യൂ; ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഫൈനാല്‍ഷ്യല്‍ ക്രൈം ഡ്രാമ; ഓര്‍മ്മയില്‍ വീണ്ടും ഹര്ഷദ്മേത്താക്കാലം; ലക്കി ഭാസ്‌ക്കര്‍ വിജയചിത്രമാവുമ്പോള്
ഒട്ടും പ്രതീക്ഷയില്ലാതെപോയ ഒരു പടം ത്രില്ലടിപ്പിക്കുക. ലക്കി ഭാസ്‌കര്‍ എന്ന ആധുനികകാലത്തോട് യോജിക്കാത്ത ടൈറ്റിലും, ഒരു സാദാ മട്ടിലുള്ള ട്രെയിലറും, കണ്ടപ്പോള്‍ വീണ്ടും പൊട്ടാനായി ഒരു ദുല്‍ഖര്‍ ചിത്രം എന്ന മൈന്‍ഡ് സെറ്റോടെയാണ് ചിത്രത്തിന് കയറിയത്. പക്ഷേ പടം കഴിഞ്ഞപ്പോള്‍ അതാ ജനം കൈയടിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ നാളിതുവരെ ഒരു ഫൈനാല്‍ഷ്യല്‍ ക്രൈം ഡ്രാമ ഇത്ര ശക്തമായി എടുത്തിട്ടില്ല. തെലുഗ് സിനിമാലോകം തന്നെയാണ് ഇന്ത്യന്‍ കൊമേഴ്സ്യല്‍ സിനിമയെ ഇനി നയിക്കുക എന്ന രാജമൗലിക്കാലത്തിനുശേഷം വന്ന പ്രസ്താവനകള്‍ക്ക് ലക്കി ഭാസ്‌ക്കറും അടിവരയിടുന്നു. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ആള് പുലിയാണ്.
ഡി ക്യൂ എന്ന ദൂല്‍ഖര്‍ സല്‍മാനെ സംബന്ധിച്ച് ശരിക്കും ഒരു തിരിച്ചുവരവാണ് ഈ ചിത്രം. കിങ്ങ് ഓഫ് കൊത്ത എന്ന കഴിഞ്ഞ ചിത്രമൊക്കെ ഭൂലോക ദുരന്തമായതോടെ, ഒരു വലിയ ഗ്യാപ്പ് എടുത്താണ് ദുല്‍ഖര്‍ സിനിമ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതുപോലെ ഒരു പാന്‍ ഇന്ത്യന്‍ ഹിറ്റ് അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നടക്കുന്ന കഥ, ഏത് ഭാഷയിലെ ഓഡിയന്‍സിനും റിലേറ്റ്ചെയ്യാന്‍ കഴിയും. തെലുങ്ക് സിനിമയെന്നത് വെറും സാങ്കേതികത്വം മാത്രം. അഞ്ചു ഭാഷകളിലേക്ക് ഡബ്ബ് ചെയ്താണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
ഹര്‍ഷദ് മേത്ത തിരിച്ചുവരുമ്പോള്‍!
ഹര്‍ഷദ് മേത്തയെ ഓര്‍മ്മയില്ലേ. 90-കളില്‍ ഓഹരി കുംഭകോണത്തിലൂടെ കോടികള്‍ അടിച്ചുമാറ്റി ഒടുവില്‍ ഇരുമ്പഴിക്കുള്ളിലായ മുംബൈയിലെ സ്റ്റോക്ക് ബ്രോക്കറെ.ഈ സംഭവമാണ് സത്യത്തില്‍ ഓഹരി വിപണിയെയൊക്കെ സാധാരണക്കാരന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഓഹരി വിപണയിലെ ഈ കാളകള്‍ക്കും കരടികള്‍ക്കുമൊക്കെ ഇടയിലെ കുറേ സാധാരണക്കാരുടെ ജീവിതമാണ് ഈ പടത്തിന്റെ പ്രമേയം. സിനിമയില്‍ ഹര്‍ഷദ് മേത്തയെ ഹര്‍ഷദ് മെഹ്‌റയാക്കിയരിക്കുന്നുവെന്ന് മാത്രം.
കഥയാണ് ഈ ചിത്രത്തിന്റെ സൂപ്പര്‍ സ്റ്റാര്‍. സംവിധാനത്തിനൊപ്പം കഥയും തിരക്കഥയും ഒരുക്കിയ വെങ്കി അറ്റ്‌ലൂരിയുടെ മസിത്ഷക്കത്തില്‍ ശരിക്കും ആള്‍ താമസമുണ്ട്. യാതൊരു പുതുമയുമില്ലാത്ത കഥകള്‍ തിരിച്ചും മറിച്ചുമിട്ട് തട്ടിക്കൂട്ടുന്ന മലയാളത്തിലെ ന്യൂജന്‍ പിള്ളേരൊക്കെ കണ്ടുപഠിക്കണം, തെലുഗിലെ സ്റ്റോറി സെലക്ഷന്‍. ഭാസ്‌ക്കര്‍ കുമാറെന്ന വെറും ആറായിരം രൂപ ശമ്പളക്കാരനായ ബാങ്ക് ക്യാഷര്‍ നൂറുകോടി അക്കൗണ്ടില്‍ കിടക്കുന്ന രീതിയില്‍ കോടീശ്വരനായത് എങ്ങനെ? ചിത്രം തുടങ്ങുമ്പോള്‍ അയാള്‍ തന്റെ കഥ പറഞ്ഞു തുടങ്ങുകയാണ്.
ഭാസ്‌ക്കര്‍ പറഞ്ഞു തുടങ്ങുന്ന കഥയില്‍ അയാളും കുടുംബവും, ചുറ്റിലുമുള്ളവരും, സാഹചര്യങ്ങളും കടന്നുവരുന്നു. കോടികള്‍ മറിയുന്ന മുബൈയിലെ ദലാല്‍ സ്ട്രീറ്റും, പണത്തിന് പിറകെ തിരക്കിട്ടോടുന്ന നഗരവാസികളുമൊക്കെയായി സിനിമ ഒരു കാലഘട്ടത്തെ പുനസൃഷ്ടിക്കയാണ്. ദാരിദ്ര്യം ഒഴിയാത്ത ഒരു സാദാ മനുഷ്യനാണ് ഭാസ്‌ക്കര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അച്ഛന്‍ ഒരു ബിസിനസിലേക്ക് നീങ്ങുകയും, അത് തകര്‍ന്നതോടെ കുത്തുപാളയെടുക്കുകയും ചെയ്ത കുടുംബമാണ് അയാളുടേത്. സ്ട്രോക്ക് ബാധിച്ച് ദീനക്കടക്കിയിലായ പിതാവ്. അനിയത്തിയും അനിയനും പഠിക്കുന്നു. ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും അയാളെ സ്നേഹിച്ച് ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടുന്നുവരുന്നു. ഇന്ന് അവര്‍ക്ക് എല്‍പി ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്. പണം ഇല്ലാത്തതിന്റെ പേരില്‍ ബന്ധുവീട്ടിലെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍വെച്ച് ആ കുഞ്ഞുപോലും അപമാനിക്കപ്പെടുന്നു.
ആറായിരം രൂപ ശമ്പളം വാങ്ങുമ്പോള്‍ മുപ്പതിനായിരം രൂപ ലോണുണ്ടയാള്‍ക്ക് ബാങ്കില്‍. എവിടെയും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്ന ഒരു നാട്ടില്‍ അയാള്‍ നിരന്തരം തോല്‍പ്പിക്കപ്പെടുന്നു, അപമാനിക്കപ്പെടുന്നു. ഉറപ്പായി എന്ന് കരുതിയ, പ്രമോഷന്‍പോലം അയാള്‍ക്ക് നഷ്ടമാവുന്നു. ഈ
തന്റെ പ്രതിസന്ധികളില്‍ നിന്നാണയാള്‍ കുടുംബത്തിന് വേണ്ടി സമ്പാദിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. പക്ഷേ അത് ശരിക്കും തീക്കളിയായിരുന്നു. അത് പ്രേക്ഷകര്‍ കണ്ടുതന്നെ അറിയുക. ഒന്നിനുപുറകേ ഒന്നായി സംഭവങ്ങളെ ബില്‍ഡ് ചെയ്തുകൊണ്ട് ഒരിടത്തും ബോറടിപ്പിക്കാതെ ചിത്രം രണ്ടര മണിക്കൂര്‍ പറക്കുകയാണ്.
മമ്മൂട്ടിക്കും മുകളില്‍ ഡി ക്യൂ
ദുല്‍ഖര്‍ സല്‍മാനെ സംബന്ധിച്ച് ഇതുപോലെ ഒരു ഹിറ്റ് ആവശ്യമായ സമയമായിരുന്നു. സീതാരാമം എന്ന ചിത്രത്തിനുശേഷം വീണ്ടും നൂറ് കോടിയിലെത്തുന്ന ഒരു ഡി ക്യൂ തെലുഗ് മൂവി കൂടി. ശരിക്കും തമിഴിലും, തെലുഗിലും, കന്നഡയിലും, ഹിന്ദിയിലും ഒരുപോലെ മാര്‍ക്കറ്റുള്ള മലയാളത്തിലെ ഏക നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്. മമ്മൂട്ടിക്കോ മോഹന്‍ലാലിനോ കഴിഞ്ഞിട്ടില്ല ഇതുപോലെ ഒരു പ്രതാപം കൊണ്ടുവരാന്‍. കിങ്് ഓഫ് കൊത്ത പോലുള്ള വലിയ പ്രതീക്ഷയോടെ വന്ന ചിത്രങ്ങളുടെ പതിനെട്ട് നിലയിലുള്ള പരാജയം കൊണ്ടാവണം ഈയിടെ ' മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജ് തനിക്ക് ദോഷം ചെയ്തുവെന്നും, ചിലര്‍ തുടക്കം മുതല്‍ തന്നെ ടാര്‍ജറ്റ് ചെയ്യുന്നു' എന്നൊക്കെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സങ്കടപ്പെട്ടിരുന്നു. പക്ഷേ ലക്കി ഭാസ്‌ക്കറിന്റെ വിജയം ഈ കറകളല്ലൊം മായ്ച്ചകളയും.
ചിത്രത്തിലെ ഭാസ്‌ക്കര്‍ എന്ന കഥാപാത്രവും ഡി ക്യൂവിനെപ്പോലെയുള്ള ഒരു നടനെ സംബന്ധിച്ച് അനായാസമാണ്. പക്ഷേ എഴുവയസായ ഒരു കുട്ടിയുടെ അച്ഛനായി അയാള്‍ മുമ്പ് വന്നിട്ടില്ല. മുമ്പ് ദിലീപിനൊക്കെ മലയാളത്തില്‍ ഉണ്ടായിരുന്നപോലെ, എളുപ്പം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന നെക്സറ്റ് ഡോര്‍ ബോയ് എന്ന ഇമേജാണ് തെലുഗില്‍ ദുല്‍ഖറിന് എന്നുതോനുന്നു. ആ ക്യൂട്ട്നെസ്സ് ഡയറക്ടര്‍ നന്നായി എക്സ്പോളര്‍ ചെയതിട്ടുണ്ട്.
തെലുഗ്- ഹിന്ദി സിനിമകളില്‍ പതിവായി കാണുന്ന സ്വാഭാവ നടന്‍മ്മാരാണ് ചിത്രത്തില്‍ മറ്റുള്ളവര്‍. ആരും മോശമായിട്ടില്ല. പക്ഷേ ഇവിടെ ഈ ലേഖകന്് ഒരു മൈനസായി തോന്നിയത്, നായികയെയാണ്. ചിലയിടത്തൊക്കെ അവര്‍ക്ക് വേണ്ടരീതിയില്‍ ഉയരാന്‍ കഴിയുന്നില്ല. എ ഐ ആണോ എന്നുവരെ തോന്നിപ്പോവും! ദേശീയ പുരസ്‌ക്കാര ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറിന്റെ സൗണ്ട് ട്രാക്ക് ജോറാണ്. ഛായാഗ്രാഹകന്‍ നിമിഷ് രവിയും എഡിറ്റര്‍ നവീന്‍ നൂലിയുമടക്കമുള്ള പരിചയസമ്പന്നരാണ് ചിത്രത്തിന്റെ അണിയറയില്‍.
സാധാരണ തെലുഗ് കൊമോര്‍ഷ്യല്‍ സിനിമകളിലെ രണ്ടു സാധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയതിന് സംവിധായകനോട നന്ദി പറയണം. അടിക്കടിയുള്ള പാട്ടുകളും സംഘട്ടനങ്ങളും. ഇവിടെ ഗണ്‍ ഫൈറ്റിനുള്ള സ്‌കോപ്പ് ഒക്കെയുള്ള സ്‌ക്രിപ്റ്റ് ആണെങ്കിലും ഇവിടെ സാമ്പത്തിക യുദ്ധമാണ് നടക്കുന്നത്.
മദ്യത്തേക്കാള്‍ ലഹരി തരുന്ന പണം
ഫാള്‍ട്ടുകള്‍ ഇല്ലാത്ത ഒരു സാധനവും ഈ ലോകത്ത്് ഉണ്ടാവില്ലല്ലോ. ഈ പടത്തിന് ഈ ലേഖകന് തോന്നിയ ഒരു പ്രധാന ഫാള്‍ട്ട് കഥാപാത്രങ്ങള്‍ തമ്മിലെ ഇമോഷണല്‍ കണക്ഷന്‍ അത്രമാത്രം വര്‍ക്കൗട്ടായില്ല എന്നതാണ്. സഹോദരനും, സഹോദരിയും, പിതാവുമെക്കെ ഗസറ്റ് ആര്‍ട്ടിസ്റ്റുകളെപ്പോലെയാണ് തോനുന്നത്. ചിലയിടത്ത് മോശം ഡബ്ബിങ്ങും വില്ലനാവുന്നുണ്ട്. ദുല്‍ഖറിന്റെ മകന്‍ അപ്പനോട് പാര്‍ട്ടി നടത്തിയതിന് നന്ദി പറയുന്ന രംഗത്തിലൊക്കെ മലയാളം ഡബ്ബിങ്് കുളമാണ്.
അതുപോലെ തന്നെ ബാങ്കിങ്് സ്‌കാമൊക്കെ ഇത്ര സിമ്പിളാണോ എന്ന് ചിലപ്പോള്‍ തോന്നിപ്പോവും. മറ്റുളളവര്‍ തീരെ മണ്ടന്‍മ്മാര്‍ ആയതുകൊണ്ട് വിജയിച്ച ഒരു വ്യക്തിയായാണ് പലപ്പോളും നായകനെ തോന്നുക. സിസിടിവിയും, ഡിജിറ്റല്‍ ബാങ്കിങ്ങുമൊന്നുമില്ലാത്ത, മാന്വല്‍ കാലത്ത് ഇതൊക്കെ സംഭവിക്കുമെന്ന് സമാധാനിക്കാം. പൊതുവെ തെലുഗ് സിനിമകളില്‍ കാണുന്ന തമാശക്കുവേണ്ടിയുള്ള തമാശയും ഇവിടെയില്ല. പക്ഷേ നായകനും കൂട്ടരും നടത്തുന്ന ഒരു ഗോവന്‍ യാത്രയുടെ ഭാഗമായി കുറച്ച് ചളിക്കോമഡി കയറി വരുന്നുണ്ട്.
പക്ഷേ ടോട്ടാലിറ്റിയില്‍ എടുത്താല്‍ നാം ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കഥ പറയുന്ന വ്യത്യസ്തമായ ചിത്രമാണിത്. ഡയലോഗുകളളൊക്കെ സൂപ്പറായിട്ടുണ്ട്. മദ്യത്തേക്കക്കാളും മയക്കുമരുന്നിനേക്കാളും വലിയ ലഹരിയാണ് പണം എന്ന് ഒരിടത്ത് ചിത്രം പറയുന്നുണ്ട്. അതുപോലെ, ഇന്ത്യയില്‍ പണമുണ്ടാക്കിയാല്‍ മാത്രം പോര അതുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക കൂടി ചെയ്താല്‍ മാത്രമേ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും ലഭിക്കുകയുള്ളു എന്ന കൃത്യമായ നിരീക്ഷണവും ചിത്രം നടത്തുന്നുണ്ട്. പണം വലിയ പ്രശ്നമാണ് എന്ന് നമ്മുടെ മതപുരോഹിതന്‍മ്മാര്‍ തൊട്ട് മോട്ടിവേഷന്‍ സ്പീക്കര്‍മാരെ വരെ വെച്ചുപുലര്‍ത്തുന്ന വികല വീക്ഷണം ചിത്രത്തിന്റെ സംവിധായകനില്ല. പണം നമ്മുടെ അന്തസ് കൂട്ടുന്നു, പ്രശ്നവും സംഘര്‍ഷവും കുറക്കുന്നു എന്ന സത്യസന്ധമായ നിരീക്ഷണമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
വാല്‍ക്കഷ്ണം: ചിത്രത്തില്‍ ഒരുപാട് തരണ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഇതിലെ ബിഗ് വില്ലനായ ഹര്‍ഷദ് മേഹ്റയുടെ കഥാപാത്രത്തെ ഒരിക്കല്‍പോലും കാണിക്കുന്നില്ല. ഇപ്പോള്‍ ഒരു ട്രെന്‍ഡായതുപോലെ രണ്ടാം ഭാഗത്തിനുള്ള സ്പേസ് ആണോ അതെന്നും സംശയമുണ്ട്.