യലന്‍സ്, വയലന്‍സ്, വലയന്‍സ്! സംഘട്ടനങ്ങളുടെയും ചോരപ്പുഴയുടെയും പ്രവാഹം. മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയതില്‍ ഏറ്റവും വയലന്റായിട്ടുള്ള ചിത്രമാണ്, ഉണ്ണി മുകന്ദനെ നായകനാക്കി, ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രം. എ സര്‍ട്ടിഫിക്കേറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കുടുംബപ്രേക്ഷകരേയോ, കുട്ടികളെയോ ലക്ഷ്യമിടുന്നതല്ല ഈ പടമെന്ന, ഉണ്ണി മുകുന്ദന്‍ ഒരാളുടെ തലവെട്ടിക്കൊണ്ട് പുറത്തുവരുന്ന ആദ്യ ട്രെയിലറില്‍നിന്ന് തന്നെ വ്യക്തമായിരുന്നു. നിങ്ങള്‍ക്ക് ഇത്തരം ആക്ഷന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ആ വഴിക്ക് പോകാതിരിക്കയാണ് നല്ലത്. പക്ഷേ, ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ക്ക് തങ്ങള്‍ ഏത് തരം പ്രേക്ഷകരെയാണോ ലക്ഷ്യമിട്ടത്, അവരോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് മാര്‍ക്കോ എന്ന് നിസ്സംശയം പറയം. പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ലോകത്തേക്കാണ് കാഴ്ചക്കാരെ ഹനീഫ് അദേനി തുടക്കം മുതല്‍ തന്നെ കൊണ്ടുപോകുന്നത്. ഓരോ സീനും കഴിയുമ്പോഴും ഇതിലും വലിയ വയലന്‍സ് ഒന്നും ഇനി വരാന്‍ പോകില്ലെന്ന് ചിന്തിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അതിലും വയലന്റായ സീനുകള്‍ നല്‍കുന്നതായിരുന്നു മാര്‍ക്കോയുടെ തീയേറ്റര്‍ അനുഭവം!

വിവിധ തരം വധം

ഇതിലെ പല രീതിയിലുള്ള കൊലകള്‍ കണ്ടാല്‍ തലപെരുത്ത് പോവും. ആസിഡില്‍ മുക്കിക്കൊല്ലുന്നു, കൈ വെട്ടി സ്യൂട്ട്കേസില്‍ അയക്കുന്നു, തലവെട്ടിയെടുക്കുന്നു, കത്തികൊണ്ട് ശരീരം മുഴുവന്‍ കീറി കെട്ടിത്തൂക്കുന്നു, വായ വലിച്ച് കീറി പൊട്ടിച്ച് കൊല്ലുന്നു, ഗര്‍ഭിണിയുടെ വയറിന് ചവിട്ടി കുട്ടിയെ വലിച്ചെടുക്കുന്നു..... അങ്ങ െപോവുന്നു, വിവിധ തരം വധം. കുത്തിക്കൂറി കുടല്‍ മാല പിളര്‍ക്കുന്നതാണ് നാം സാധാരണ കേട്ടിട്ടുള്ളത്. ഇവിടെ ഹൃദയം പിഴുതെടുക്കുന്ന ഭീകര രംഗങ്ങള്‍വരെയുണ്ട്.

അടാട്ട് ജോര്‍ജ് ( സിനിമയില്‍ സിദ്ദീഖ്) എന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയുടെ അനിയനായ കാഴ്ചവൈകല്യമുള്ള വിക്ടര്‍ കൊല്ലപ്പെടുന്നു. അതിന് പിന്നില്‍ സിന്റിക്കേറ്റിലെ തന്നെ ചിലരാണ്. ഇത് അറിഞ്ഞ് ജോര്‍ജിന്റെ കുടുംബത്തിലെ വളര്‍ത്ത് സഹോദരനായ മാര്‍ക്കോ രംഗത്ത് എത്തുന്നു. തന്റെ പ്രിയപ്പെട്ടവനായ വിക്ടറിനെ കൊന്നവരെ തീര്‍ക്കുമെന്ന് മാര്‍ക്കോ പരസ്യമായി പ്രഖ്യാപിക്കുന്നു.

ഈ പ്രതികാര കഥയാണ് സിനിമയുടെ പ്ലോട്ട്. പതിവ് തട്ടിക്കൊണ്ടുപോകലും വിലപേശലുമൊക്കെ ചിത്രത്തിലുണ്ട്. ഇവിടെയൊക്കെ സ്‌ക്രിപിറ്റിന്റെ വീക്ക്നെസ്സ് ഡയറക്ടര്‍ മറികടക്കുന്നത്, സ്റ്റെലിഷ് മേക്കിങ്ങിലുടെയാണ്. ചന്ദ്രു സെല്‍വരാജിന്റെ ഛായഗ്രഹണവും എടുത്തുപറയേണ്ടതുണ്ട്. കെജിഎഫ് സംഗീത സംവിധായകന്‍ രവി ബസൂറിന്റെ പശ്ചാത്തലസംഗീതവും കൂടിച്ചേരുമ്പോള്‍ പല രംഗങ്ങളും ആകെ മാറുകയാണ്.

ഇമേജ് ബ്രേക്കിംഗ് മൂവി

ഉണ്ണി മുകന്ദന്റെ ഇമേജ് ബ്രേക്കിങ്ങ് മൂവിയാണ് ഈ ചിത്രം. മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റുനുശേഷം സല്‍ഗുണ സമ്പന്നനായ, ദൈവികഭാവമുള്ള നായകന്‍ എന്ന ഇമേജില്‍നിന്ന് കുതറിച്ചാടി, മറ്റൊരു ഭാവത്തിലേക്ക് മാറുന്ന ഒരു നടനെയാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുക. ഉണ്ണി കായികമായും മാനസികമായും ശരിക്കും, അധ്വാനിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ചുരുട്ട് വലിച്ചുകൊണ്ടുള്ള മാര്‍ക്കോയുടെ എന്‍ട്രിയില്‍ തന്നെയുണ്ട് വല്ലാത്തൊരു സൗന്ദര്യം.

നടന്‍ ജഗദീഷും ഞെട്ടിച്ചു. തന്റെ കരിയറില്‍ ജഗദീഷ് എന്ന നടന്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് ടോണി എന്ന് വില്ലന്‍. സമീപകാലത്തായി തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി ജഗദീഷ് മാര്‍ക്കോയിലും പിന്തുടര്‍ന്നിട്ടുണ്ട്. ഗോര്‍ഡ് സിന്‍ഡിക്കേറ്റ് അംഗമായ പ്രതിനായക വേഷം ഈ നടന്‍ ഗംഭീരമാക്കുന്നുണ്ട്. പതിവുപോലെ മികച്ച് നില്‍ക്കുന്നതാണ് സിദ്ദീഖിന്റെ റോളും. ചെറുതും വലതുമായ വേഷങ്ങള്‍ ചെയ്ത ആരും മോശമാക്കിയിട്ടില്ല.

പക്ഷേ ചിത്രത്തോടുള്ള പ്രധാന വിയോജിപ്പുകളിലൊന്ന് സ്‌ക്രിപ്റ്റിന്റെ ദൗര്‍ബല്യമാണ്. കുറച്ചുകൂടി ശക്തമായ തിരകഥ അര്‍ഹിച്ചിരുന്ന സിനിമായിരുന്നു ഇത്. അതുപോലെ ഇത്തരം സിനിമകള്‍ യുക്തിയൂടെ വീക്ഷണകോണിലൂടെ നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയില്ല. പക്ഷേ മിനിമം കോമണ്‍ സെന്‍സ് എന്നത് ചിലയിടത്തൊക്കെ ചിത്രത്തിന് നഷ്ടമാവുന്നുണ്ട്. പൊലീസും, കോടതിയും, നിയമവാഴ്ചയുമൊന്നുമില്ലാത്ത ഏതോ വെള്ളരിക്കാപ്പട്ടണത്തിലാണ് കഥ നടക്കുന്നത് എന്ന് തോന്നിപ്പിക്കുന്നതും സ്‌ക്രിപിറ്റിന്റെ ദൗര്‍ബല്യം തന്നെയാണ്.

വാല്‍ക്കഷ്ണം: ഇത്രയും അക്രമമുളള സിനിമകള്‍ ഒക്കെ എടുക്കാമോ എന്ന് ചോദിച്ച്, നവമാധ്യമങ്ങളില്‍ ഒരു തരം സദാചാര ടീംസ് ഇറങ്ങിയിട്ടുണ്ട്. ഹിന്ദിയില്‍ ഇറങ്ങിയ കില്‍ പോലുള്ള സിനിമകളും, കൊറിയന്‍ വെബ്സീരീസുകളുമൊക്കെ ഹിറ്റാവുന്ന നമ്മുടെ നാട്ടില്‍ ഇതുപോലെ ഒരു സിനിമക്കും സ്‌കോപ്പുണ്ട്. ആ ഴോണര്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയാണ് ഈ ചിത്രം സ്വാഗതം ചെയ്യുന്നത്.