നുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത, ആട്ടക്കത്തിയെന്ന ഒറ്റ ചിത്രം കണ്ടാല്‍ മതി, പ്രശസ്ത തമിഴ് സംവിധായകന്‍, പാ രഞ്ജിത്തിന്റെ പ്രതിഭ അറിയാന്‍. ജാതി രാഷ്ട്രീയവും, ദലിത് പൊളിറ്റിക്‌സും ഒക്കെയായി തമിഴകത്തിന്റെ മറ്റൊരു മുഖം കാണിച്ചുതരുന്ന സിനിമകളാണ് അദ്ദേഹത്തിന്റെത്. മദ്രാസും, കാലയും, സര്‍പ്പട്ടപരമ്പരയുമടക്കമുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ എടുത്ത പാ രഞ്ജിത്തും, തന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഏതറ്റംവരെയും പോവുന്ന നടന്‍ ചിയാങ്ങ് വിക്രവും ഒന്നിച്ചപ്പോള്‍ സത്യത്തില്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. തങ്കലാന്‍ എന്ന പുതിയ ചിത്രം പക്ഷേ, കനകമായില്ലെങ്കിലും പിച്ചളയായില്ല. സ്വര്‍ണ്ണത്തിന് താഴെ നില്‍ക്കുന്ന, വെള്ളിയാന്‍ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം!
വെള്ളിയാന്‍

ഈ ചിത്രത്തില്‍ താരങ്ങളുടെ അഭിനയം നന്നായിട്ടുണ്ട്. ക്യാമറാ വര്‍ക്ക് സൂപ്പറാണ്. ശബ്ദമിശ്രണവും ഗാനങ്ങളും, എഡിറ്റിങ്ങും, കിടുവാണ്. പക്ഷേ എന്നിട്ടും ഇതൊരു ആവറേജ് ചിത്രം എന്നല്ലാതെ ഔട്ട് സ്റ്റാന്‍ഡിങ്് എന്ന് പറയാന്‍ കഴിയില്ല. തിരക്കഥയില്‍ കുറച്ചുകൂടി പാ രഞ്ജിത്ത് ശ്രദ്ധിക്കുകയും, മിത്തും റിയാലിറ്റിയും കൂടിക്കുഴഞ്ഞ കുഴമറിച്ചിലുണ്ടാക്കി കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയില്ലായിരുന്നെങ്കില്‍, തങ്കലാന്‍ ഈ വര്‍ഷത്തെ മെഗാഹിറ്റുകളില്‍ ഒന്നാവുമായിരുന്നു.

കനക കലഹം

പാ രഞ്ജിത്ത് സിനിമകള്‍ അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ തുടര്‍ച്ച കൂടിയാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ കഥയാണ് അദ്ദേഹം പറയാറുള്ളത്. ഓഗസ്റ്റ് പതിനഞ്ചിന് തങ്കലാന്റെ റിലീസ് പ്രഖ്യാപിക്കുമ്പോള്‍ അതിന് ചില രാഷ്ട്രീയ കാരണങ്ങള്‍ കൂടിയുണ്ടെന്ന് പറഞ്ഞിരുന്നു. മുനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന പടം പിന്നെ ഏത് ദിവസമാണ് റിലീസ് ചെയ്യുക. അതോടൊപ്പം 'ഗോള്‍ഡ് റഷ്' എന്ന് ലോകവ്യാപകമായി സിനിമകള്‍ വന്ന അതേ ജോണറില്‍ സ്വര്‍ണ്ണത്തിനായുള്ള പര്യവേഷണവും, അതിനായുള്ള രക്തം ചിന്തലുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നു.

1800കളാണ് കഥാ പശ്ചാത്തലം. തമിഴ്‌നാട്ടിലെ വെപ്പുര്‍ ഗ്രാമത്തില്‍ ഒരു ഗോത്ര വിഭാഗത്തില്‍പെട്ടവരാണ് തങ്കലാനും ( വിക്രം) കൂട്ടരും. ഭാര്യ ഗന്‍ഗമ്മയും ( പാര്‍വതി തിരുവോത്ത്) അഞ്ച് മക്കളുമായി വയലില്‍ പണിയെടുത്താണ് അവര്‍ ജീവിക്കുന്നത്. സത്യത്തില്‍ അതൊരു അടിമ ജീവതമാണ്. നാടുവാഴിയുടെ അടിമകള്‍ മാത്രമാണ് അവര്‍. തലമുറകള്‍ക്ക്മുമ്പേ തന്റെ കുടുംബത്തില്‍ സംഭവിച്ച സ്വര്‍ണ്ണവേട്ടയുടെ ഓര്‍മ്മ തങ്കലാനിലുണ്ട്. അത് ഓര്‍ത്താണ് അയാള്‍ പലപ്പോഴും ഞെട്ടി ഉണരുന്നതുതന്നെ. 17-ാം നൂറ്റാണ്ടിലെ ഗ്രാമീണ ജീവിതം, കാണിച്ച് ചിത്രം മുന്നോട്ടുപോവുന്ന സിനിമ പെട്ടന്ന് മാറുന്നത്, വിക്രത്തിന്റെ കഥപാത്രം തന്റെ മക്കള്‍ക്ക് താന്‍ വായ്‌മൊഴിയായി കുട്ടിക്കാലത്തിലേ കേട്ട ആ ട്രഷര്‍ ഹണ്ടിന്റെ കഥ പറയുമ്പോഴാണ്. ആ ഗ്രാമത്തില്‍നിന്ന് അങ്ങ് ദൂരെയായി കാണുന്ന ആനമലയില്‍ സ്വര്‍ണ്ണമുണ്ടെന്നാണ് പറയുന്നത്. പക്ഷേ അത് എടുക്കുന്നവര്‍ ഒക്കെയും കൊല്ലപ്പെടുമെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം.

അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ആനമലയിലെ സ്വര്‍ണ്ണം എടുക്കന്നതിനെക്കുറിച്ചുള്ള പ്രോജക്റ്റുമായി വരുമ്പോള്‍, നാട്ടുകാര്‍ പേടിച്ച് ഓടുകയാണ്. ഒരാളെപ്പോലും അങ്ങോട്ട് പണിക്ക് കിട്ടുന്നില്ല. പക്ഷേ ഈ അടിമജീവിതത്തില്‍നിന്നുള്ള മോചനം തേടി തങ്കലാന്‍ അതിന് സമ്മതിക്കുന്നു. തങ്കലാന്റേയും അയാളുടെ ജനതയുടേയും സ്വര്‍ണ്ണം തേടിയുള്ള, അടിമവിമോചന യാത്രയാണ് ഈ ചിത്രമെന്ന് ഒറ്റവാക്കില്‍ പറയാം.

വിക്രം വീണ്ടും വിസ്മയിപ്പിക്കുമ്പോള്‍

കമലഹാസനുശേഷം, ചിയാങ്് വിക്രമിനെപ്പോലെ കഥാപാത്രത്തിനായി പരകായ പ്രവേശം നടത്തുന്ന നടന്‍ വേറെയില്ല. പലപ്പോഴും സിനിമ പൊട്ടിയാലും വിക്രത്തിന്റെ കഥാപാത്രം സൂപ്പര്‍ ആയിരിക്കും. അന്യന്‍ സിനിമയുടെ ബ്രഹ്മാണ്ഡ വിജയത്തെ തുടര്‍ന്ന്, മാധ്യമങ്ങള്‍ രജനിക്കുശേഷം തമിഴ്‌സിനിമയെ നിയന്ത്രിക്കുക വിക്രം ആയിരിക്കുമെന്നാണ് എഴുതിയത്. പക്ഷേ അടുത്തകാലത്തായി തുടര്‍ച്ചയായ പരാജയങ്ങളാണ് ഈ നടനെ തേടിയെത്തിയത്. ഇതേതുടര്‍ന്ന് മനം നൊന്ത് സിനിമ നിര്‍ത്തുകയാണെന്നുവരെ താരം ഒരുവേള പറഞ്ഞിരുന്നു. പക്ഷേ 'പൊന്നിയന്‍ സെല്‍വനിലെ' ആദിത്യ കരികാലന്‍ വീണ്ടും താരത്തിന്റെ ഗ്രാഫുയര്‍ത്തി.

അതിനുശേഷം വിക്രം ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു തങ്കലാന്‍. പക്ഷേ വിക്രത്തിന്റെ കഥാപാത്രം, അതിഗംഭീരമാവുമ്പോഴും ടോട്ടാലിറ്റിയില്‍ ചിത്രം ഗംഭീരമാകുന്നില്ല. ഈ പടത്തിലും വിക്രത്തിന്റെ മേക്കോവര്‍ സമ്മതിക്കണം. വയലില്‍ നിരന്തരമായ ഒരു ജോലിചെയ്യുന്ന കര്‍ഷന്റെ ശരീരഘടനയും, ചില ഫൈറ്റ് സീനുകളിലെ ആ ഊര്‍ജവുമൊക്കെ കണ്ടിരിക്കേണ്ടതാണ്.

അതുപോലെയാണ് വിക്രമിന്റെ ജോഡിയായി എത്തുന്ന നടി പാര്‍വതി തിരുവോത്തിന്റെ അഭിനയവും. പ്രതിഭയുള്ളവരെ അങ്ങനെയൊന്നും ആര്‍ക്കും ഒതുക്കാന്‍ കഴിയില്ലെന്ന് പാര്‍വതിയുടെ അനുഭവം തെളിയിക്കുന്നു. ഭര്‍ത്താവിന്റെ ഷാഡോ ക്യാരക്ടറല്ല, വേണമെങ്കില്‍ ആയുധമെടുക്കുന്ന, ഒരു സമൂഹത്തിന്റെ നാഥയുടെ ശക്തമായ വേഷമാണത്. പാര്‍വതി- വിക്രം കോമ്പോ ശരിക്കും വര്‍ക്കായിട്ടുണ്ട്. മലയാള നടി മാളവിക മോഹനും ഒരു മിസ്റ്റിക്കല്‍ കഥാപാത്രമായി ചിത്രത്തില്‍ മുഴുനീളമുണ്ട്. പശുപതി അടക്കമുള്ള ചെറുതും വലുതും വേഷങ്ങള്‍ ചെയ്തവര്‍ ഒന്നും മോശമായിട്ടില്ല.

ഒരുപാട് നെഗറ്റീവുകള്‍

ചിത്രത്തിന്റെ പ്രധാന നെഗറ്റീവ് വശം, റിയാലിറ്റിയും ഫാന്റസിയും കൂട്ടിക്കുഴച്ചുള്ള ആഖ്യാനത്തിലെ പാളിച്ചയാണ്. ഇതുമൂലം ചിത്രത്തിലേക്ക് പുര്‍ണ്ണമായ ഫോക്കസും, ഇമോഷണല്‍ കണക്ഷനും കിട്ടുന്നില്ല. രണ്ടാംപകുതിയില്‍ പലഭാഗത്തെ യുദ്ധരംഗങ്ങളിലും കമ്പ്യൂട്ടര്‍ ഗെയിമെലെന്നപോലെ സംവിധായകന്‍ കളിക്കുന്നതായാണ് തോനുന്നത്. ഒരുഘടത്തില്‍ എല്ലാവരും മരിച്ചുവെന്ന് തോന്നും. അടുത്ത ഘട്ടത്തില്‍ ഉയര്‍ത്തെഴുനേല്‍ക്കും. അങ്ങനെ. റിയാലിറ്റിയേത് ഫാന്റസിയേത് എന്ന് പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷനായിപ്പോവും. എന്നാല്‍ 'കാന്താര' പോലെ ഇതേ ഴോണറിലെ സിനിമകള്‍ നോക്കുക. എത്ര ഭംഗിയായാണ് അവര്‍ ഫാക്റ്റും ഫാന്റസിയും, മിത്തും റിയാലിറ്റിയും ചേരുമ്പടി ചേര്‍ത്തിരിക്കുന്നത്.

രണ്ടാമത്തെ നെഗറ്റീവായി തോന്നിയത് ചിത്രത്തിന്റെ പ്രെഡിക്റ്റബിലിറ്റിയാണ്. ഈ ട്രഷര്‍ ഹണ്ട് ഇങ്ങനെയായിരിക്കും അവസാനിക്കുക എന്ന്, നമുക്ക് നന്നായി അറിയാം. പാ രഞ്ജിത്ത് സിനിമകളുടെ ദലിത് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ഭാരവും പ്രശ്‌നമാണ്. അതും വല്ലാത്ത ഒരു ആവര്‍ത്തനമാവുന്നു. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ പാ രഞ്ജിത്ത് ആശയപരമായും ഒന്ന് മാറ്റിപ്പിടിക്കണ്ടേത് ആത്യാവശ്യമാണ്.

മറ്റൊരു പ്രധാന ന്യൂനതായി തോന്നിയത് ചിത്രത്തിന്റെ ശരാശരിയില്‍ ഒതുങ്ങിപ്പോയ ഗ്രാഫിക്‌സാണ്. കരിമ്പുലി തൊട്ട് പാമ്പുകള്‍വരെ സി ജിയാണെന്ന് നമുക്ക് പെട്ടന്ന് മനസ്സിലാവും. തങ്കലാന്‍ ഒരു കാട്ടുപോത്തിന്റെ തലവെട്ടിയെടുക്കുന്ന സീനിലുമുണ്ട് ഇതേ പ്രശ്‌നം. മൂന്നുമണിക്കൂറോളം നീളുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യവും പ്രശ്‌നമാണ്. സെക്കന്‍ഡ് ഹാഫില്‍ എഡിറ്റിങ്ങ് അത്യാവശ്യമായിരുന്നു. ചിലയിടത്തൊക്കെ, വെറുപ്പിക്കല്‍ എന്ന് തോന്നിക്കുന്ന രീതിയില്‍ ഡയലോഗുകള്‍ ഓവറായിപ്പോവുന്നുണ്ട്. മാത്രമല്ല, കഥാപാത്രങ്ങള്‍ കടുകട്ടി കൊടും തമിഴ് സംസാരിക്കുന്നത്. നിര്‍ബന്ധമായും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ വേണ്ട സിനിമയാണിത്.

ചുരുക്കിപ്പറഞ്ഞാല്‍, പാ രഞ്ജിത്തിന്റെ മുന്‍കാല സിനിമകളുടെ അത്രയും മെത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ല. എന്നാലും വ്യത്യസ്തമായ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, വണ്‍ ടൈം വാച്ചബിളാണ് ചിത്രം.

വാല്‍ക്കഷ്ണം: കോലാറില്‍ നടന്ന യാഥാര്‍ത്ഥ കഥയില്‍നിന്ന പ്രചോദനം ഉള്‍ക്കൊണ്ടാണ് പാ രഞ്ജിത്ത് ഈ സിനിമ എടുത്തത്. കെജിഎഫ് പോലെ കോലാര്‍ സ്വര്‍ണ ഖനിയുടെ കഥയാണ് തങ്കലാനും പറയുന്നത്. പക്ഷേ രണ്ടും രണ്ട് പാറ്റേണിലാണെന്ന് മാത്രം.