ആക്ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേര്‍ത്ത ഒരു ലോകേഷ് സ്‌പെഷ്യല്‍ വിഭവം; അതായിരുന്നു 'ലിയോ'. കണ്ടു തഴമ്പിച്ച വിജയ് എന്ന താരത്തിലുപരി അദ്ദേഹത്തിനുള്ളിലെ നടനെ കൃത്യമായി ലിയോയില്‍ ഉപയോഗിച്ചപ്പോള്‍ അതുവരെ ഉണ്ടായിരുന്ന വിജയ് സിനിമകളുടെ കളക്ഷനുകളെ എല്ലാം ചിത്രം തിരുത്തി എഴുതുകയായിരുന്നു. അത്രയും സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ദിവസങ്ങളോളം തിയേറ്ററുകളില്‍ ഫുള്‍ ഷോ. ലിയോ ലിയോ റിലീസായതിന്റെ ഒരു വര്‍ഷം തികയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

'ഒരുപാട് പഠനങ്ങള്‍, ഒരുപാട് ഓര്‍മ്മകള്‍, ഒരുപാട് ആവേശകരമായ നിമിഷങ്ങള്‍. എന്റെ ഹൃദയത്തോട് എന്നും ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ലിയോ. ചിത്രം യാഥാര്‍ത്ഥമാക്കി തന്നതിന് വിജയ് അണ്ണനോട് ഒരുപാട് സ്‌നേഹം. ഈ ചിത്രത്തിന് വേണ്ടി തങ്ങളുടെ വിയര്‍പ്പും രക്തവും ചെലവഴിച്ച എല്ലാവരോടും പ്രേക്ഷകരോടും എക്കാലവും നന്ദിയുണ്ട്'. ലോകേഷ് പറഞ്ഞു.



ലോകേഷിന്റെ ഗംഭീര മേക്കിങ്ങും വിജയ് യുടെ പ്രകടനവും തന്നെയായിരുന്നു ചിത്രത്തിന്റെ ആത്മാവ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിജയ് തൃഷ കോംബോയും ആരാധകര്‍ ഏറ്റെടുത്തു. മലയാളത്തിലെ മാത്യു തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 600 കോടിക്കടുത്തായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍.

അതേസമയം, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ദളപതി 69 ലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും എത്തുന്നുണ്ട്.