ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകന്‍ ഗുരുപ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടികള്‍ നേരിടുന്നതിനാലെന്ന് പോലീസ്. ഗുരുപ്രസാദിന് നേരെ കടക്കാരില്‍ നിന്ന വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് ഭാഷ്യം.

ബംഗ്‌ളൂരിലെ വടക്ക് മടനായകനഹള്ളിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയിലാണ് ഗുരുപ്രസാദിന് കണ്ടെത്തിയത്. കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. മരണം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് സംഘം ഫ്ലാറ്റ് വിശദമായി പരിശോധിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കായി അയച്ചിട്ടുമുണ്ട്. ഏതാനും ദിവസം മുന്‍പായിരുന്നു ഗുരുപ്രസാദിന്റെ 52-ാം പിറന്നാള്‍.

അടുത്തിടെയാണ് താരം പുനര്‍വിവാഹിതനായത്. 2006 ല്‍ പുറത്തെത്തിയ മാത എന്ന ചിത്രത്തിലൂടെയാണ് ഗുരുപ്രസാദ് സംവിധായകനായി അരങ്ങേറിയത്. പിന്നീട് എഡ്ഡെലു മഞ്ജുനാഥ, ഡിറക്ടേഴ്സ് സ്പെഷല്‍ തുടങ്ങി അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഉള്‍പ്പെടെ പത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സംഭാഷണ രചയിതാവുമായിരുന്നു. ഒപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും പങ്കെടുത്തിട്ടുണ്ട്.