നടന്‍ വിജയ്യുടെ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയില്‍ നടന്നു. ചിത്രത്തിന്റെ പൂജ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മലയാളത്തില്‍ നിന്ന് മമിത ബൈജുവും നരേനും പ്രിയ മണിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ വിജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മമിത. 'എ മൊമെന്റ്' എന്ന അടിക്കുറിപ്പോടെയാണ് നടനൊപ്പമുള്ള ചിത്രങ്ങള്‍ മമിത പങ്കുവെച്ചിരിക്കുന്നത്. പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം ഗ്രേറ്റ്ഫുള്‍ എന്ന ടാഗും മമിത ചേര്‍ത്തിട്ടുണ്ട്.



മമിതയെ സംബന്ധിച്ച് സ്വപ്‌നം സത്യമാവുന്ന മുഹൂര്‍ത്തം കൂടിയാണ് ഇത്. വിജയ്‌യെ ഏറെ ആരാധിക്കുന്ന മമിത അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും എന്നാല്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ഇനി അത് സാധിക്കില്ലല്ലോ എന്ന നിരാശയും നേരത്തെ പങ്കുവച്ചിരുന്നു. പ്രേമലുവിന്റെ പ്രൊമോഷണല്‍ അഭിമുഖത്തിലാണ് മമിത ഇക്കാര്യം പറഞ്ഞത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മമിത ബൈജു ദളപതി 69 ന്റെ ഭാഗം ആവുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെയാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലനായെത്തുക. പൂജ ഹെഗ്‌ഡെ, പ്രിയ മണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.