തുടരെ സിനിമകളുമായി കരിയറില്‍ മുന്നേറുകയാണ് നടി മഞ്ജു വാര്യര്‍. മലയാള സിനിമയ്ക്കപ്പുറത്തേക്ക് ഇന്ന് മഞ്ജു വാര്യരുടെ ജനപ്രീതി വളര്‍ന്നു. വേട്ടെയാനാണ് നടിയുടെ പുതിയ സിനിമ. സൂപ്പര്‍താരം രജനികാന്തിനൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടി. ഒരു അഭിമുഖത്തില്‍ തന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് മഞ്ജു വാര്യര്‍. നടിയുടെ തൊട്ടുമുനമ്പിറങ്ങിയ തമിഴ് ചിത്രം തുനിവിനെക്കുറിച്ച് സംസാരിക്കവെയാണ് നടി ചില സൂചനകള്‍ തന്നത്.

തുനിവില്‍ താരതമ്യേന വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല മഞ്ജു വാര്യരുടേത്. ഒരു സീനില്‍ ഞാനഭിനയിച്ചത് ശരിയാകാത്തതിനാല്‍ സംവിധായകന്‍ എച്ച് വിനോദിനോട് ഒരു ഷോട്ട് കൂടെ എടുക്കണോ എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. എന്നാല്‍ എന്നില്‍ നിന്ന് എന്താണ് വേണ്ടതെന്നതില്‍ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഈ ലെവലിലുള്ള പെര്‍ഫോമന്‍സ് മതി എന്ന് പറഞ്ഞു. ഒരു തമാശശിയിലാണ് അദ്ദേഹമത് ഉദ്ദേശിച്ചത്. എന്നാല്‍ ചില പ്രത്യേക തരം സിനിമ ചെയ്യുമ്പോള്‍ തന്റെ ശ്രദ്ധ എവിടെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തത അത് കാണിച്ച് തന്നു.

തന്റെ അടുത്ത പ്രൊജക്ടില്‍ പെര്‍ഫോമന്‍സിന് പ്രാധാന്യമുള്ള കഥാപാത്രം തനിക്ക് നല്‍കുമെന്ന് വിനോദ് ഉറപ്പ് നല്‍കിയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. എച്ച് വിനോദിന്റെ അടുത്ത ചിത്രം ദളപതി 69 ആണ്. വിജയുടെ അവസാന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ദളപതി 69 ന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിശങ്കറാണെന്ന് മാത്രമാണ് ഒടുവില്‍ പുറത്ത് വന്ന വിവരം.

മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രജനികാന്ത്, അജിത്ത്, ധനുഷ് എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഇതിനകം മഞ്ജു വാര്യര്‍ അഭിനയിച്ച് കഴിഞ്ഞു. ഇനി വിജയ്‌ക്കൊപ്പം നടി നായികയായെത്തിയാല്‍ തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളായി മഞ്ജു വാര്യര്‍ മാറും. നടിയുടെ കരിയറിലെ തുടക്ക കാലത്ത് തമിഴില്‍ നിന്നും അവസരങ്ങള്‍ വന്നതാണ്.

കണ്ടു കൊണ്ടെയ്ന്‍ കണ്ടുകൊണ്ടെയ്ന്‍ എന്ന സിനിമയില്‍ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജുവിനെയാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ നടി ഈ സിനിമ ചെയ്തില്ല. സമ്മര്‍ ഇന്‍ ബത്‌ലഹേം ആദ്യം ഷൂട്ട് ചെയ്യാനിരുന്നത് തമിഴിലാണ്. പിന്നീട് ഈ പ്രൊജക്ട് നിന്ന് പോകുകയായിരുന്നു.

ഒക്ടോബര്‍ 10 ന് വേട്ടെയാന്‍ റിലീസ് ചെയ്യും. വിടുതലൈ 2, മിസ്റ്റര്‍ എക്‌സ് എന്നിവയാണ് മഞ്ജു വാര്യരുടെ അടുത്ത തമിഴ് സിനിമകള്‍. വിജയ് സേതുപതിയാണ് വിടുതലൈ 2 വിലെ നായകന്‍. മിസ്റ്റര്‍ എക്‌സില്‍ ആര്യയും, ഗൗതം കാര്‍ത്തിക്കുമാണ് നായകന്‍മാര്‍. മലയാളത്തില്‍ എമ്പുരാനാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമ. ഒടുവില്‍ പുറത്തിറങ്ങിയ ഫൂട്ടേജ് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.