കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നുമാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമത്തെ തുടര്‍ന്നാണ് തീരുമാനം. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കേസില്‍ നിവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. 2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായില്‍വെച്ചാണ് സംഭവമെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുക്കുകയായിരുന്നു. നിവിന്‍ പോളി കേസില്‍ ആറാം പ്രതിയാണ്.

യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നായിരുന്നു നിവിന്‍ പറഞ്ഞത്. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലര്‍ച്ചെ വരെ നിവിന്‍ തന്റെയൊപ്പമുണ്ടായിരുന്നുവെന്നും പരാതി വ്യാജമാണെന്നും വിനീത് ശ്രീനിവാസനും പറഞ്ഞു. പിന്നാലെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തി നിവിന്‍ പോളിക്ക് പിന്തുണയുമായി നടി പാര്‍വതി ആര്‍ കൃഷ്ണയും രംഗത്തെത്തിയിരുന്നു.