- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്കായി മദ്യപാനവും പുകവലിയും ഉപേക്ഷിച്ചു; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ലെന്ന് മനസുതുറന്ന് നടൻ മനോജ് കെ. ജയൻ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വാക്കുകൾ

കൊച്ചി: വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്ന മനോജ് കെ. ജയൻ മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വർഷങ്ങളായി താൻ മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നും അകന്നുനിൽക്കുകയാണെന്ന് താരം വ്യക്തമാക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിന് പിന്നിലെ കാരണം മകളാണെന്ന് മനോജ് കെ. ജയൻ പറയുന്നു.
മകൾ വളർന്നു വന്ന സാഹചര്യത്തിൽ, അവൾ ഒന്ന് അല്ലെങ്കിൽ രണ്ട് ക്ലാസുകളിൽ എത്തിയപ്പോഴാണ് ഇനി മദ്യം വേണ്ടെന്ന തീരുമാനം താൻ എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. "മകൾ വളർന്നു വന്നപ്പോൾ നിർത്തിയതാണ്. അവൾ ഒന്നിലോ രണ്ടിലോ എത്തിയപ്പോൾ ഞാൻ കരുതി ഇനി വേണ്ട എന്ന്. സെറ്റിൽ പോയാലും കഴിക്കുന്നില്ലെന്ന് അന്ന് തീരുമാനിച്ചു. ഇപ്പോൾ പതിനാറ് വർഷമായി. ബിയറോ ഷാംപെയ്‌നോ പോലുമില്ല. പുകവലിയുമില്ല, കള്ളുകുടിയുമില്ല." - മനോജ് കെ. ജയൻ പറഞ്ഞു.
അനന്തഭദ്രം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് താൻ അവസാനമായി മദ്യപിച്ചതെന്ന് താരം പറഞ്ഞു. അനന്തഭദ്രത്തിനും രാജമാണിക്യത്തിനും ശേഷം താൻ മദ്യം തൊട്ടിട്ടില്ലെന്നും അക്കാലത്തും വെറും രണ്ട് പെഗ്ഗ് മാത്രമായിരുന്നു തന്റെ അളവെന്നുമാണ് മനോജ് കെ. ജയൻ വെളിപ്പെടുത്തുന്നത്. "ഞാൻ എന്റേതായ സ്പേസിൽ ചെറിയൊരു കോണിയാക്കും വാങ്ങി, ഞാൻ തന്നെ സോഡയും ഒഴിച്ച്, ടിവി കണ്ട് തനിയെ ഇരുന്നായിരുന്നു മദ്യപിച്ചിരുന്നത്. ഞാനും ഞാനും മാത്രം."
ഏകദേശം പതിനാറ് വർഷമായി ലഹരി പദാർത്ഥങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന മനോജ് കെ. ജയന്റെ ഈ തുറന്നുപറച്ചിൽ വലിയ കൈയടിയോടെയാണ് സിനിമാ പ്രേമികൾ സ്വീകരിക്കുന്നത്. ആത്മനിയന്ത്രണത്തിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് താരത്തിന്റെ ഈ വാക്കുകൾ ഒരു പ്രചോദനമാണ്.


