ടൻ റഹ്മാന്റെ മകൾ റുഷ്ദയ്ക്ക് മുപ്പതാം പിറന്നാൾ. ഈ പ്രത്യേക ദിനത്തിൽ, ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളെ ധൈര്യത്തോടെ നേരിട്ട മകളെ പ്രശംസിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി റഹ്മാൻ രംഗത്തെത്തി. റുഷ്ദയെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

റുഷ്ദയുടെ മുപ്പതാം പിറന്നാൾ പ്രായത്തിന്റെ മാത്രമല്ല, അവളുടെ ധൈര്യത്തിന്റെയും വളർച്ചയുടെയും പ്രതിരോധശേഷിയുടെയും ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് റഹ്മാൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി. "നീ അർഹിക്കാത്ത രീതിയിൽ ജീവിതം നിന്നെ പരീക്ഷിച്ച വർഷങ്ങളിലൂടെയാണ് നീ കടന്നു പോയത്. ഒരു പിതാവെന്ന നിലയിൽ അതെല്ലാം എനിക്ക് കാണേണ്ടി വന്നു. നിനക്കെതിരെ വന്ന കൊടുങ്കാറ്റുകളെ നിശബ്ദമായി നീ നേരിട്ടു, വേദനകൾ സഹിച്ചു. എന്നിട്ടും മുന്നോട്ട് തന്നെ പോകാൻ നീ തീരുമാനിച്ചു. അതെല്ലാം നീ എത്രത്തോളം ശക്തയാണെന്ന് എനിക്ക് കാട്ടിത്തരികയായിരുന്നു," റഹ്മാൻ എഴുതി.

ജീവിതം പലപ്പോഴും ദയ കാണിച്ചിരുന്നില്ലെങ്കിലും, ആ അനുഭവങ്ങൾ ഹൃദയത്തെ കഠിനമാക്കാനോ ആരോടും വിദ്വേഷം കാണിക്കാനോ റുഷ്ദയെ അനുവദിച്ചില്ലെന്നും റഹ്മാൻ ചൂണ്ടിക്കാട്ടി. കരുണയുള്ള, ചിന്താശീലയായ, ധൈര്യം കൈവിടാത്ത ഒരു അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് അവളിപ്പോൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുപ്പത് വയസ്സ് ഒരു അവസാനമല്ലെന്നും, അത് ശക്തമായ ഒരു പുതിയ തുടക്കമാണെന്നും റഹ്മാൻ മകളെ ഓർമ്മിപ്പിച്ചു. സ്വന്തം യാത്രയിൽ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നും, താൻ എന്നും മകൾക്ക് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വരാനിരിക്കുന്ന വർഷങ്ങൾ സമാധാനവും സന്തോഷവും നൽകട്ടെയെന്നും, ഏറ്റവും നല്ല നിമിഷങ്ങൾ റുഷ്ദയെ കാത്തിരിക്കുന്നുണ്ടെന്നും പ്രാർത്ഥിക്കുന്നതായി റഹ്മാൻ കുറിച്ചു. ഈ വൈകാരികമായ കുറിപ്പ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.