'നിര്‍ണയം' സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഹീര രാജഗോപാല്‍ പങ്കുവച്ച ബ്ലോഗ് പോസ്റ്റ് വലിയ വിവാദമായി മാറുന്നു. 25 വര്‍ഷം മുന്‍പ് തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് ഹീര തന്റെ ബ്ലോഗിലൂടെയായി തുറന്നുപറഞ്ഞത്. മുന്‍കാമുകനായ നടന്‍ തന്നെ വഞ്ചിച്ചതായി ഹീര് ആരോപിക്കുന്നു.

ബ്ലോഗ് പോസ്റ്റില്‍, കടുത്ത മാനസിക വേദനയ്ക്ക് ഇരയായതിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യയെപ്പറ്റി ആലോചിച്ചിരുന്നെന്നും, അന്ന് നല്‍കിയ തിരിച്ചടിയാണ് തന്റെ ഇന്നത്തെ നിലയ്ക്കു വഴിവെച്ചതെന്നും ഹീര പറയുന്നു. അമിത ലൈംഗിക ആസക്തിയുള്ളതായും മാനസികമായി അസ്വസ്ഥയുമായ സ്ത്രീയെന്നുമുള്ള അപവാദങ്ങള്‍ നടനാണ് പ്രചരിപ്പിച്ചതെന്നും, പിന്നീട് അദ്ദേഹം ഒരു മലയാളി നടിയെ വിവാഹം ചെയ്ത് പുതിയ ജീവിതം ആരംഭിച്ചതാണെന്നും ഹീര തുറന്നുപറഞ്ഞു.

ഹീരയുടെ പോസ്റ്റില്‍ വ്യക്തമായ പേരുകള്‍ വ്യക്തമാക്കിയില്ലെങ്കിലും, പ്രശസ്ത നടന്‍ അജിത്തിനെതിരായ ഒളിയമ്പാണിതെന്ന് പല സൈബര്‍ ഉപയോക്താക്കളും ചൂണ്ടിക്കാട്ടുകയാണ്. ബ്ലോഗിന്റെ ആര്‍ക്കൈവ് പതിപ്പ് 2025 ജനുവരിയിലേതാണ്. ഇപ്പോഴാണ് ഹീര അത് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഹീരയുടെ കുറിപ്പ്:

25 വര്‍ഷത്തിന് മുമ്പ് ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാന്‍ സ്നേഹിച്ച നടനില്‍ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാന്‍ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങള്‍ക്കിടയില്‍ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ അയാള്‍ക്കും പങ്കുണ്ടായിരുന്നു. എന്റെ സ്നേഹം സ്വീകരിച്ച് ഞാന്‍ പിന്തുണച്ച് പ്രോത്സാഹിപ്പിച്ച ആള്‍ രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസിലായതേയില്ല.

നട്ടെല്ലിന് പരിക്കുപറ്റി ആശുപത്രിയില്‍ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസര്‍ജനങ്ങള്‍ വരെ മാറ്റി പരിചരിച്ചവളാണ് ഞാന്‍. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂര്‍ണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്. ഈ നടന്റെ ബോധമില്ലാത്ത ഫാന്‍സ് എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവര്‍ഷവും ചൊരിഞ്ഞ് എന്റെ അന്തസ്സിനെ ചോദ്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.

ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചെറുപ്പത്തില്‍ എനിക്കുണ്ടായ ഒരു ബന്ധം പരാജയപ്പെട്ടതിലോ അല്ലെങ്കില്‍ എന്റെ കാമുകന്‍ എന്നെ ഉപേക്ഷിച്ചു പോയതിനോ അല്ല. മറിച്ച് ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത എന്റെ കാമുകന്റെ ആരാധകര്‍ എനിക്കെതിരെ അസഭ്യവര്‍ഷവും അപവാദപ്രചാരണവും നടത്തുന്നത് കണ്ടതിലുള്ള ഷോക്കിലാണ്. ഒരു സാഡിസ്റ്റായ അയാള്‍ എന്നെ കള്ളക്കേസില്‍ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവള്‍, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ക്രൂരമായ ചിരിയാണ് ആ നടനില്‍ നിന്ന് ഉണ്ടായത്. അയാള്‍ എന്നോട് പറഞ്ഞു ''വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം.''

ജീവിതത്തില്‍ ഇത്രയധികം വെല്ലുവിളികള്‍ നേരിട്ടിട്ടും ഞാന്‍ സത്യം മാത്രം മുറുകെപ്പിടിച്ചു. വളരെ വിജയിച്ചു നിന്ന ഒരു പബ്ലിക് ഫിഗര്‍ ആയ എനിക്ക് പോലും ഇതൊന്നും സഹിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന സമൂഹവും സോഷ്യല്‍ മീഡിയയും അയാളുടെ ആരാധകരും മീഡിയയും ഉള്‍പ്പടെ അയാള്‍ക്കൊപ്പം നിന്ന് എനിക്കെതിരെ അപവാദപ്രചരണം നടത്തി. കുട്ടിക്കാലം മുതല്‍ ഞാന്‍ പലതും അതിജീവിച്ചു വന്നതാണ്, അത് എന്റെ ഉത്തരവാദിത്തമാണ്.