ബാലതാരമായി പ്രേക്ഷകമനം കവർന്ന്, ഇന്ന് ടെലിവിഷൻ ലോകത്തെ ജനപ്രിയ അവതാരകയായി മാറിയ മീനാക്ഷി അനൂപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ സാധാരണക്കാരന്റെ അടുക്കളയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് മീനാക്ഷി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്.

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ നാട്ടിൽ പാചകവാതകത്തിന് അനുഭവപ്പെടുന്ന ദൗർലഭ്യത്തെ മീനാക്ഷി തന്റെ തനതായ ശൈലിയിൽ പരിഹസിക്കുന്നു. "ഗ്യാസ് പോയത് നമ്മടെയാ.. യുദ്ധം പശ്ചിമേഷ്യേലാണേലും.. (യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല)" എന്നാണ് താരം കുറിച്ചത്. പാചകവാതക സിലിണ്ടറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന യുദ്ധം നമ്മുടെ നിത്യജീവിതത്തെയും സാമ്പത്തിക ഭദ്രതയെയും എത്രത്തോളം ബാധിക്കുന്നു എന്ന ഗൗരവകരമായ സത്യമാണ് മീനാക്ഷി ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ മീനാക്ഷി, സമകാലിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ അറിയിക്കാറുണ്ട്. പരിഹാസരൂപേണയുള്ള ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് സമാനമായ ആശങ്കകൾ പങ്കുവെക്കുന്നത്. എപ്പോഴും ആരാധകരുടെ കമന്റുകൾക്ക് കൃത്യമായ മറുപടി നൽകാറുള്ള മീനാക്ഷിയുടെ ഈ 'ഗ്യാസ്' പോസ്റ്റും ഇതിനകം വൈറലായിക്കഴിഞ്ഞു.