- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊങ്കാല ഇടുന്ന തിരക്കിനിടയിൽ ആരൊക്കെ എങ്ങനെ സൂം ചെയ്ത് വീഡിയോ എടുത്തെന്ന് ശ്രദ്ധിച്ചില്ല'; വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങളായിരുന്നു അത്; യൂട്യൂബേഴ്സിനെതിരെ നടി രമ്യ പണിക്കർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർമാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടി രമ്യ പണിക്കർ. മാധ്യമപ്രവർത്തനത്തിൽ മാന്യതയും പ്രൊഫഷണലിസവും അനിവാര്യമാണെന്ന് താരം ചൂണ്ടിക്കാട്ടി. തൻ്റെ വീട്ടിൽ അച്ഛനും അമ്മയുമൊത്ത് വളരെ സ്വകാര്യതയോടെയാണ് പൊങ്കാല അർപ്പിച്ചത്. ഈ സമയത്ത് ചില ഓൺലൈൻ മാധ്യമപ്രവർത്തകർ വിശേഷങ്ങൾ ചോദിക്കാനെന്ന വ്യാജേന വീട്ടിലെത്തി വീഡിയോകളും ചിത്രങ്ങളും പകർത്തി മടങ്ങി. എന്നാൽ, പിന്നീട് ഈ ദൃശ്യങ്ങൾ സ്വകാര്യത ലംഘിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നുവെന്ന് രമ്യ പണിക്കർ തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.
തൻ്റേതു മാത്രമല്ല, മറ്റു ചില കലാകാരികളുടെയും സമാനമായ ദൃശ്യങ്ങൾ പ്രചരിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. പൊങ്കാല അർപ്പിക്കുന്ന വേളയിൽ തീയിലും പായസത്തിലും അരിയിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിൽ ആരാണ് എങ്ങനെ സൂം ചെയ്ത് ചിത്രീകരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് രമ്യ വിശദീകരിച്ചു. മാധ്യമപ്രവർത്തകരോട് തങ്ങൾ മാന്യമായി പെരുമാറിയിട്ടും സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ലെന്നും അവർ പറഞ്ഞു.
രമ്യ പണിക്കരുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
പ്രിയപ്പെട്ടവരേ, ഇന്നലെ ആറ്റുകാൽ അമ്മയുടെ പൊങ്കാല പ്രമാണിച്ച് ഞാൻ എന്റെ വീട്ടിൽ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അർപ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓൺലൈൻ മീഡിയ പ്രവർത്തകർ വീട്ടിലേക്ക് എത്തി വിശേഷങ്ങൾ ചോദിക്കാമെന്ന നിലയിൽ വീഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി. പൊങ്കാല ഇടുമ്പോൾ അടുപ്പ് മുറ്റത്ത് തറയിൽ വെച്ചാണ് നിൽക്കുന്നത്. തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
അതും സ്വന്തം വീടിന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന സമയത്ത്. പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വീഡിയോകൾ പിന്നീട് പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റേതു മാത്രമല്ല, മറ്റു ചില ആർട്ടിസ്റ്റുമാരുടെയും വീഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഒരു വിനീതമായ അഭ്യർത്ഥന — നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്.
ഒരു പോസ്റ്റോ വീഡിയോയോ പങ്കുവെക്കുന്നതിന് മുമ്പ് ഒരിക്കൽ അല്ലെങ്കിൽ രണ്ടാമത് ആലോചിക്കണം. അത് നിങ്ങളുടെ കൾച്ചറിനെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങൾ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്ത് പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല. മാന്യത കാണിക്കേണ്ടത് വീഡിയോയിൽ ഉള്ളവർ മാത്രമല്ല — എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്. ഇതാണ് പറയാനുള്ളത്. നന്ദി


