ചെന്നൈ: ആരാധകരുടെ സ്നേഹപ്രകടനങ്ങൾക്കിടയിൽ ചിലപ്പോൾ അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് തമിഴ് സൂപ്പർ താരം അജിത്. ഒരു അഭിമുഖത്തിലാണ് തല എന്നറിയപ്പെടുന്ന അജിത്ത് ഈ സംഭവം വിവരിച്ചത്. 2005-ൽ ഔട്ട്‌ഡോർ ഷൂട്ടിനിടെയാണ് സംഭവം നടന്നത്. താരം താമസിച്ചിരുന്ന ഹോട്ടലിന് മുന്നിൽ ആരാധകർ കൂട്ടമായി തടിച്ചുകൂടിയിരുന്നു. ആരാധകരുടെ അഭ്യർത്ഥനയെ തുടർന്ന് അവർക്കൊപ്പം ഫോട്ടോ എടുക്കാൻ അജിത് അൽപസമയം ചെലവഴിച്ചു.

ആരാധകരുമായി സംസാരിക്കുന്നതിനിടെ, ഒരാൾ തൻ്റെ വിരലുകൾക്കിടയിൽ ബ്ലേഡ് ഒളിപ്പിച്ച് കൈ തന്നതായി അജിത് പറയുന്നു. പെട്ടെന്ന് സംഭവിച്ചതുകൊണ്ട് അജിത് ഇത് ശ്രദ്ധിച്ചില്ല. എന്നാൽ പിന്നീട് വാഹനത്തിൽ കയറിയപ്പോഴാണ് കൈ മുറിഞ്ഞതും രക്തം ഒഴുകുന്നതും അദ്ദേഹം ശ്രദ്ധിച്ചത്. സംഭവസമയം 19 വയസ്സ് തോന്നിക്കുന്ന യുവാവാണ് അങ്ങനെ ചെയ്തതെന്നും, ഉടൻ തന്നെ ഇയാളെ സ്റ്റാഫ് പിടികൂടി പറഞ്ഞയച്ചെന്നും അജിത് പറയുന്നു.

കൈകളിൽ ബ്ലേഡ് കൊണ്ട് മുറിഞ്ഞ പാടുകൾ ഇപ്പോഴുമുണ്ടെന്ന് അജിത്ത് കൂട്ടിച്ചേർത്തു. തൻ്റെ ആരാധകരെ വളരെയധികം വിലമതിക്കുന്ന വ്യക്തിയാണ് അജിത്തെങ്കിലും, അമിതമായ ആരാധന പലപ്പോഴും അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അമിതാരാധനയുടെ ഈ പ്രവണതയ്ക്ക് ഒരു പരിധി വരെ മാധ്യമങ്ങളും കാരണമാണെന്നത് തൻ്റെ അഭിപ്രായമാണെന്നും താരം വ്യക്തമാക്കി.