- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലര്‍വാടി ടീം' നന്ദി പറയുന്നു.. വിനീത് മെസേജ് അയച്ചിരുന്നു; ഫീൽഡ് ഔട്ടായി വെബ് സീരീസിലേക്ക് മാറിയോയെന്ന് ഒരാൾ ചോദിച്ചു; സര്‍വ്വം മായയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് അജു വര്‍ഗീസ്
ദുബായ്: നിവിൻ പോളിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ 'സർവ്വം മായ' എന്ന ചിത്രം തങ്ങൾക്ക് അമൂല്യമാണെന്ന് നടൻ അജു വർഗീസ്. സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ദുബായിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവിൻ പോളി, സംവിധായകൻ അഖിൽ സത്യൻ എന്നിവർക്കൊപ്പമാണ് അജു വർഗീസ് പരിപാടിയിൽ പങ്കെടുത്തത്. സിനിമയിൽ നിന്ന് ഫീൽഡ് ഔട്ടായി വെബ് സീരീസിലേക്ക് മാറിയോ എന്ന് അടുത്തിടെ ഒരാൾ ചോദിച്ചിരുന്നതായും, തനിക്ക് ഒരു തിരിച്ചുവരവ് നൽകിയ ചിത്രത്തിൻ്റെ സംവിധായകൻ അഖിൽ സത്യനോട് ഈ വേദിയിൽ വെച്ച് നന്ദി പറയുന്നതായും അജു വർഗീസ് വ്യക്തമാക്കി.
"നിവിൻ പോളി തിരികെ വന്നു, ആരുമറിയാതെ സൈഡിൽക്കൂടി അജു വർഗീസും തിരികെ വന്നു" എന്നൊരു കമന്റ് താൻ ഫേസ്ബുക്കിൽ കണ്ടതായി അജു വർഗീസ് വെളിപ്പെടുത്തി. തനിക്ക് ഒരു തിരിച്ചുവരവ് നൽകിയ അഖിൽ സത്യന് ഈ ദുബായി മണ്ണിൽ വെച്ച് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ഒരു ഉണർവ് ആണ് വിജയം. പരാജയം ഒരുപാട് വന്നുകഴിഞ്ഞാൽ പിന്നെ നമുക്ക് മരവിപ്പും നിർവികാരതയുമാണ്. അത് എനിക്ക് പണ്ടേ വന്നതാണ്," താരം കൂട്ടിച്ചേർത്തു.
'സർവ്വം മായ' ടീമിന് 'മലർവാടി ആർട്സ് ക്ലബ്ബ്' ടീം നന്ദി പറയുന്നതായും അജു അറിയിച്ചു. വിനീത് ശ്രീനിവാസന് നിലവിലെ സാഹചര്യത്തിൽ സിനിമ കാണാൻ സാധിച്ചിട്ടില്ലെങ്കിലും, ഈ വിജയത്തിൽ ഒരുപാട് സന്തോഷമുണ്ടെന്ന് മെസേജ് അയച്ചിരുന്നു. അത് വൈകാരികമായി നിവിൻ പോളി ഇന്നലെ രാത്രി തന്നെ വിളിച്ച് പറഞ്ഞതായും അജു വർഗീസ് വെളിപ്പെടുത്തി. താൻ ഉറക്കത്തിലായിരുന്നപ്പോൾ വന്ന നിവിന്റെ കോൾ കണ്ട് ഭയന്നുപോയെന്നും, പിന്നീട് ഏറെ നേരം സംസാരിച്ചെന്നും അജു പറഞ്ഞു.
സിനിമയിലെ ഒരു കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന രംഗം താൻ വളരെ ഇഷ്ടത്തോടെ ചെയ്തതാണെന്നും, ഈ രംഗം തന്നെ വളരെയധികം വികാരഭരിതനാക്കിയെന്ന് നിവിൻ പറഞ്ഞതായും അജു ഓർത്തെടുത്തു. ഏകദേശം 600 ദിവസങ്ങൾക്ക് ശേഷമാണ് നിവിൻ പോളിയുടെ ഒരു സിനിമ പുറത്തിറങ്ങുന്നതെന്നും, ഇത്രയും നാളുകൾക്ക് ശേഷമാണ് ഒരു സിനിമ വിജയിക്കുന്നതെന്നും അജു വർഗീസ് കൂട്ടിച്ചേർത്തു.




