കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'പ്രേമ'ത്തിലെ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ മലർ മിസ്സിന് പ്രചോദനമായത് തന്റെ ഭാര്യ അലീനയാണെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. അടുത്തിടെ നടന്ന ബിഹൈൻഡ്‌സ്‍വുഡ് പുരസ്കാര വേദിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സായ് പല്ലവി അവതരിപ്പിച്ച മലർ മിസ്സ് എന്ന കഥാപാത്രം വർഷങ്ങൾക്കിപ്പുറവും നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്.

അൽഫോൺസ് പുത്രനും അലീനയും തമ്മിൽ പ്രണയവിവാഹമായിരുന്നു. താൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'നേരം' ചെയ്യുന്ന സമയത്താണ് അൽഫോൺസ് അലീനയെ കണ്ടുമുട്ടുന്നത്. അന്ന് ചെന്നൈയിലെ സ്റ്റെല്ലാ മേരീസിൽ പഠിക്കുകയായിരുന്നു അലീന. 'നേരം' സിനിമയ്ക്ക് ശേഷം ഇരുവരും തമ്മിൽ സംസാക്കാൻ തുടങ്ങുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. 'പ്രേമം' സിനിമ പുറത്തിറങ്ങിയതിന് ശേഷം 2025 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹം നടന്നത്. നർത്തകി കൂടിയാണ് അലീന.

ഇരുവർക്കും ഈഥൻ, ഐന എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. സാരിയുടുത്ത്, മേക്കപ്പില്ലാതെ മുഖക്കുരുവുള്ള മുഖവും ലാളിത്യം നിറഞ്ഞ ചിരിയുമായി കോളേജിലെ ഗസ്റ്റ് ലെച്ചററായി എത്തുന്ന മലർ മിസ്സ് ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് ആകർഷിച്ചത്. ഈ കഥാപാത്രത്തിന് അലീന പൂർണമായി പ്രചോദനമായിട്ടില്ലെന്നും, അൽപം മാത്രമാണ് അവർക്ക് മലരുമായി സാമ്യമുള്ളതെന്നുമുള്ള സംവിധായകന്റെ വാക്കുകളും ശ്രദ്ധേയമായി.