ബോളിവുഡ് നടന്‍ ആമിര്‍ അലി തന്റെ ബാല്യത്തില്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞു. 14-ാം വയസ്സില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തനിക്ക് ലൈംഗികാതിക്രമം നേരിട്ടതെന്ന് നടന്‍ പറഞ്ഞു. തന്റെ ജീവിതത്തെ ഇത് സാരമായി ബാധിച്ചെന്നും ആമിര്‍ പറഞ്ഞു. പിന്നീട് ട്രെയിനില്‍ കയറാന്‍ പോലും തനിക്ക് ഭയമായിരുന്നുവെന്നും ആമിര്‍ പറഞ്ഞു. തന്റെ ആത്മീയാവബോധം ഉയര്‍ന്നതിന്റെ ഭാഗമായി, ഇത്തരം അനുഭവങ്ങളെ തുറന്നു പറയുന്നതിലൂടെ മറ്റുള്ളവര്‍ക്കും മുക്തിയായി മാറുമെന്ന് കരുതിയാണ് ഇക്കാര്യം പങ്കുവെച്ചതെന്നും താരം വ്യക്തമാക്കി.

മോശമായി ഒരാള്‍ തൊട്ടതുകൊണ്ടാണ് തീവണ്ടിയില്‍ യാത്രചെയ്യുന്നത് നിര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു.'എനിക്ക് അപ്പോള്‍ 14 വയസായിരുന്നു. ആ സംഭവത്തിന് ശേഷം ഞാന്‍ ബാഗ് എന്റെ പിന്‍ഭാഗത്തേക്ക് ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങി. ഒരു ദിവസം എന്റെ പുസ്തകങ്ങള്‍ ആരോ മോഷ്ടിച്ചതായി ഞാന്‍ മനസിലാക്കി. അതാരായിരിക്കുമെന്ന് ആലോചിച്ചു. തുടര്‍ന്ന് ഇനിയൊരിക്കലും ട്രെയ്നില്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചു'' എന്നാണ് ആമിര്‍ അലി പറയുന്നത്.

ഹിന്ദി സീരിയലുകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് ആമിര്‍ അലി. ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഫറാസ് തുടങ്ങിയ ചിത്രങ്ങളിലും ആമിര്‍ വേഷമിട്ടിട്ടുണ്ട്. ഡോക്ടേഴ്സ് എന്ന വെബ് സീരീസിലാണ് നടന്‍ ഒടുവില്‍ അഭിനയിച്ചത്. അതേസമയം, സ്വവര്‍ഗരതിക്കാരായ തന്റെ സുഹൃത്തുക്കളെ കുറിച്ചും ആമിര്‍ അലി സംസാരിക്കുന്നുണ്ട്.

''എന്റെ കുറച്ച് സുഹൃത്തുക്കള്‍ പരസ്യമായി തങ്ങള്‍ സ്വവര്‍ഗരതിക്കാരാണെന്ന് പറഞ്ഞു. എനിക്ക് അവരെ നന്നായി അറിയാം. അവര്‍ എന്റെ സഹോദരന്മാരെ പോലെയാണ്. എനിക്ക് അവരോടൊപ്പം ഒരേ കിടക്കയില്‍ കിടന്നുറങ്ങാന്‍ കഴിയും. നിങ്ങള്‍ പക്വത പ്രാപിക്കുമ്പോള്‍ നിങ്ങള്‍ മനസിലാക്കും, നിങ്ങളുടെ ചിന്തകള്‍ മാറും'' എന്നാണ് ആമിര്‍ അലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.