മുംബൈ: 60-ാം പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ പ്രണയിനിയെ പരിചയപ്പെട്ടുതി ബോളിവുഡ് താരം ആമിര്‍ ഖാന്‍. പിറന്നാള്‍ ദിനത്തിന്റെ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മുംബൈയിലെ ഹോട്ടലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗരി സ്പ്രാറ്റ് എന്ന യുവതിയെ ആമിര്‍ പരിചപ്പെടുത്തിയത്. 25 വര്‍ഷം സുഹൃത്തുക്കളാണ് രണ്ട് പേരും.

ഗൗരിയും ഞാനും 25 വര്‍ഷത്തെ സൗഹൃദമാണ്. ബെംഗളുരു സ്വദേശിയാണ് ഗൗരി. ആറ് വയസുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗദറിലാണ്. ഞങ്ങള്‍ ഈ ബന്ധത്തെ ഗൗരവത്തോടെ കാണുകയും സന്തോഷത്തോയിരിക്കുകയും ചെയ്യുന്നു. ഒന്നര വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ഗൗരിയെ പരിചയപ്പെടുത്തി ആമിര്‍ഖാന്‍ പറഞ്ഞു. ഗൗരി പ്രൊഡക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ രണ്ടാളും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇക്കാര്യം വെളിപ്പെടുത്തുക എന്നത്. അതില്‍ രണ്ടാള്‍ക്കും പ്രശ്‌നമില്ല. 25 വര്‍ഷം മുന്‍പാണ് ഗൗരിയെ കണ്ടുമുട്ടിയത്. എന്നാല്‍ പീന്നിട് കുറെയായി ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പാണ് വീണ്ടും പരിചയം പുതുക്കുന്നത്. ആമിര്‍ പറഞ്ഞു. ശാന്തമായും സമാധാനത്തോടെയും ഇരിക്കാന്‍ കഴിയുന്നത് ആര്‍ക്കൊപ്പമണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരാളെ കണ്ടെത്തിക്കഴിഞ്ഞു. തന്റെ മക്കള്‍ക്കും ഗൗരിയെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിവാഹത്തേ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഞാന്‍ രണ്ട് തവണ വിവാഹിതനായതാണെന്നും അമിര്‍ പറഞ്ഞു. 60-ാം വയസില്‍ ഇനിയും ഒരു വിവാഹം ഉചിതമാണോ എന്ന് കരുതുന്നില്ല. എങ്കിലും കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ വീട്ടില്‍ വച്ച് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഗൗരിയെ പരിചയപ്പെടുത്തിയ കാര്യവും ആമിര്‍ഖാന്‍ വെളിപ്പെടുത്തി. കഭി കഭി മേരെ ദില്‍ മേ എന്ന ഗാനവും പരിപാടിക്കിടെ ആമിര്‍ ഖാന്‍ ആലപിച്ചു.

ആമിര്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത് റീന ദത്തെയെയാണ്. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ജുനൈദും ഇറ ഖാനും. പിന്നീട് 2005 ല്‍ ആമിര്‍ ഖാന്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവരുടെയും മകനാണ് ആസാദ്.