കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ പങ്കെടുത്ത ഏഷ്യാനെറ്റ് പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നയാണ്. 'വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്?' എന്ന സദസ്സിൽ നിന്നുയർന്ന ചോദ്യത്തിന് അനുമോൾ നൽകിയ ഉത്തരമാണ് ചർച്ചയാകുന്നത്. ബിഗ് ബോസ് റണ്ണറപ്പ് അനീഷും നടൻ മിഥുനും അനുമോൾക്കൊപ്പം വേദിയിലുണ്ടായിരുന്നു.

ചോദ്യം കേട്ടയുടൻ ക്ലിഫ് ഹൗസിനെക്കുറിച്ച് അനുമോൾ കൃത്യമായ മറുപടി നൽകി. "ക്ലിഫ് ഹൗസ് ഇവിടെ നന്ദൻകോടല്ലേ, പിണറായി സാർ താമസിക്കുന്നതല്ലേ ക്ലിഫ് ഹൗസ്. അതെനിക്കറിയാം," എന്നായിരുന്നു അനുമോളുടെ പ്രതികരണം. ഇതിനിടെ, മിഥുൻ പലതവണ ഉത്തരത്തിൽ നിന്ന് അനുമോൾക്ക് ശ്രദ്ധ തെറ്റിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

തുടർന്ന്, മിഥുൻ വീണ്ടും വൈറ്റ് ഹൗസിനെക്കുറിച്ച് ചോദിച്ചപ്പോൾ അനുമോൾ ആദ്യം ആത്മവിശ്വാസം കാണിച്ചില്ല. മൈക്ക് മാറ്റി മിഥുനോട് ഉത്തരം പറഞ്ഞ ശേഷം, ഇത് 'കോടീശ്വരൻ' പരിപാടിയാണോ എന്നും അനുമോൾ ചോദിച്ചു. ഒടുവിൽ, "അമേരിക്കൻ പ്രസിഡന്റ് താമസിക്കുന്ന സ്ഥലം" എന്ന് അനുമോൾ പറഞ്ഞതോടെ സദസ്സിൽ നിന്ന് വലിയ കയ്യടി ഉയർന്നു.

ബിഗ് ബോസ് മലയാളം സീസൺ 7-ൽ കപ്പുയർത്തി വിജയിയായതിന് ശേഷം അനുമോൾക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഷോയിൽ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ സ്വന്തം നിലപാടുകൾ ഉറക്കെപ്പറഞ്ഞ് പ്രേക്ഷക ശ്രദ്ധ നേടിയ താരം പലപ്പോഴും വിമർശനങ്ങൾക്കും പാത്രമായിരുന്നു. പിആർ പ്രവർത്തനങ്ങളിലൂടെയാണ് വിജയം നേടിയതെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. നിലവിൽ പരിപാടികളിലും ഉദ്ഘാടനങ്ങളിലുമായി തിരക്കിലാണ് അനുമോൾ. താരത്തിന്റെ പല വീഡിയോകളും മുൻപും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.