- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതിജീവിതയ്ക്ക് നീതി ലഭിക്കണം, ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല'; കോടതി വിധിയെ തീർച്ചയായിട്ടും മാനിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ച് ആസിഫ് അലി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയോട് പ്രതികരിച്ച് നടൻ ആസിഫ് അലി. അതിജീവിതയ്ക്ക് ഒപ്പമാണ് താനെന്നും കോടതി വിധിയെ മാനിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നതായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചത്.
"കോടതി വിധിയെ തീർച്ചയായിട്ടും മാനിക്കുന്നു. അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയായിട്ടാണ് ഞാൻ കാണുന്നത്. കോടതിക്ക് ശിക്ഷിക്കപ്പെടണം എന്ന് മനസ്സിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും അതിജീവിതയുടെ ഒപ്പം തന്നെയാണ്. തീർച്ചയായും പിന്തുണയുമുണ്ട്."
"ശിക്ഷയെക്കുറിച്ചും വിധിയെക്കുറിച്ചുമൊന്നും അഭിപ്രായം പറയാനുള്ള ആളല്ല ഞാൻ. എന്റെ സഹപ്രവർത്തകയാണ്, വളരെ അടുത്ത സുഹൃത്താണ്. അവർക്ക് അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് എന്ത് പകരം കൊടുത്താലും മതിയാകില്ല. എങ്കിലും കൃത്യമായി അതിന് നീതി ലഭിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ."
"പിന്നെ വിധിയിൽ ഞാനൊരു അഭിപ്രായം പറഞ്ഞാൽ അത് കോടതി നിന്ദ ആയിപ്പോകും. കോടതിക്ക് ശരിയെന്ന് തോന്നിയതാണ് കോടതി വിധിച്ചത്. അതിന്മേൽ തുടർ നടപടികളിലേക്ക് പോകുന്നുണ്ട്. അതിന്റെ കാര്യങ്ങൾ വഴിയേ അറിയാം" - ആസിഫ് അലി കൂട്ടിച്ചേർത്തു.




