ടൻ ഹരീഷ് കണാരനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ രംഗത്ത്. ഹരീഷ് കണാരനാണ് തനിക്ക് പണം നൽകേണ്ടതെന്ന് ബാദുഷ ആവർത്തിച്ചു. 72 സിനിമകളിൽ ഹരീഷിന്റെ ഡേറ്റ് മാനേജ്‌മെന്റ് അടക്കമുള്ള കാര്യങ്ങൾ ചെയ്തതിന് പ്രതിഫലമായി തുക കണക്കാക്കണമെന്നാണ് ബാദുഷയുടെ നിലപാട്.

ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങി തിരികെ നൽകിയില്ലെന്ന് ഹരീഷ് കണാരൻ നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ദിവസം ബാദുഷ വാർത്താ സമ്മേളനം വിളിക്കുകയും, ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹരീഷ് പറഞ്ഞ തുകയിൽ മാറ്റമുണ്ടെന്നും, 20 ലക്ഷം രൂപയ്ക്ക് പകരം 14 ലക്ഷം രൂപയാണ് വായ്പയായി ലഭിച്ചതെന്നും, ഇതിൽ ഏഴ് ലക്ഷത്തോളം രൂപ തിരികെ നൽകിയെന്നും ബാദുഷ വ്യക്തമാക്കി.

ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നായിരുന്നു അന്ന് ബാദുഷ പറഞ്ഞിരുന്നത്. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ വിശദീകരണം.

സെലിബ്രിറ്റി മാനേജ്‌മെന്റ് എന്ന പ്രൊഫഷണൽ മേഖലയിൽ താൻ വർഷങ്ങളായി പ്രവർത്തിച്ചുവരികയാണെന്ന് ബാദുഷ വിശദീകരിച്ചു. ആർട്ടിസ്റ്റുകളുടെ ഡേറ്റ് മാനേജ്‌മെന്റ്, അവസരങ്ങൾ ഉറപ്പ് വരുത്തുക, കൃത്യമായി പ്രതിഫലം വാങ്ങി നൽകുക തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

തന്റെ ബന്ധങ്ങളും പരിചയസമ്പത്തും കണക്കിലെടുത്താണ് ഹരീഷ് കണാരൻ തന്നെ സമീപിച്ചതെന്നും, അദ്ദേഹത്തിന്റെ കാര്യങ്ങൾ ചെയ്യുന്നതിനുള്ള ചുമതല തന്നെ ഏൽപ്പിച്ചതെന്നും ബാദുഷ പറഞ്ഞു. 72 സിനിമകളിൽ 16 എണ്ണത്തിൽ മാത്രമാണ് താൻ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചതെന്നും, ബാക്കിയുള്ള സിനിമകളിൽ ഹരീഷിനു വേണ്ടിയാണ് ജോലി ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ സാമ്പത്തിക തർക്കത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് ബാദുഷ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമാ രംഗത്തെ സെലിബ്രിറ്റി മാനേജ്‌മെന്റ് രംഗത്തെ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഈ വിഷയം വീണ്ടും ചൂടുപിടിപ്പിക്കുകയാണ്.