- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശബ്ദതയാണ് ചില സമയങ്ങളില്‍ ഏറ്റവും ഉചിതം; എന്നാല്‍ ശരിയായ സമയത്ത് പ്രതികരിക്കുകയും ചെയ്യും; സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്ന എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കണം: മുന്നറിയിപ്പുമായി ബാലചന്ദ്ര മേനോന്‍
തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും, അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ബാലചന്ദ്രമേനോന്‍ മുന്നറിയിപ്പുമായി രംഗത്തെത്തി. നടി മിനു മുനീറിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് ബാലചന്ദ്രമേനോന്റെ വിശദീകരണവും പ്രതികരണവുമുള്ള ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞദിവസമാണ് നടി മിനു മുനീറിനെ കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തി എന്നതിന്റെ പേരില്‍ അദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാലചന്ദ്ര മേനോന്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാലചന്ദ്രമേനോന്റെ പ്രതികരണം. നിശബ്ദതയാണ് ചില സമയങ്ങളില്‍ ഏറ്റവും ഉചിതമെന്നും എന്നാല്‍ ശരിയായ സമയത്ത് താന്‍ പ്രതികരിക്കുമെന്നുമാണ് അദ്ദേഹം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്ന എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
'എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, എനിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ തുടരുന്ന മോശം പ്രചാരണത്തെ കുറിച്ച് എനിക്ക് നന്നായി അറിയാം. എനിക്ക് അനുകൂലമായ റഫറല്‍ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ബഹുമാനപ്പെട്ട കോടതിയില്‍ സമര്‍പ്പിച്ചുവെന്നതാണ് വസ്തുതയെങ്കിലും എന്നെ തകര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. ഈ പ്രവൃത്തിയുടെ 'പ്രൊമോട്ടര്‍മാരോട്' ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.' -ബാലചന്ദ്രമേനോന്‍ പറഞ്ഞു.
'എന്തുകൊണ്ടാണ് ഞാന്‍ പ്രതികരിക്കാത്തതെന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു. ശരിയായ സമയമാകുമ്പോള്‍ ഞാനത് ചെയ്യും. അതുവരെ, നിശബ്ദതയാണ് ഏറ്റവും ഉചിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു.' -ബാലചന്ദ്രമേനോന്‍ പറഞ്ഞുനിര്‍ത്തി. നൂറുകണക്കിന് പേരാണ് ബാലചന്ദ്രമേനോന്റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും അദ്ദേഹത്തിന് പിന്തുണയറിയിച്ച് പോസ്റ്റിന്റെ താഴെ കമന്റ് ചെയ്യുകയും ചെയ്തത്.