കൊച്ചി: പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി നടി ഭാഗ്യലക്ഷ്മി. സ്വന്തം ശരീര സുഖത്തിനുവേണ്ടിയാണോ ഇയാൾ ജനപ്രതിനിധിയായതെന്നും, സാമ്പത്തികമായി ചൂഷണം ചെയ്യാനും സ്ത്രീകളെ വഞ്ചിക്കാനും വേണ്ടിയായിരുന്നോ ഇയാൾ എംഎൽഎ ആയതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ എംഎൽഎ വഞ്ചിച്ചെന്നും അവർ കുറ്റപ്പെടുത്തി.

പല പരാതികളിലും ഉഭയസമ്മതത്തോടെയായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. എന്നാൽ, ഉഭയസമ്മതമായിരുന്നോ അല്ലയോ എന്നതല്ല താൻ കാണുന്ന പ്രശ്നമെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി എന്ന നിലയിൽ നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുകയും സാമ്പത്തികമായി മുതലെടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതിനും, ഉഭയസമ്മതത്തോടെ ഗർഭമുണ്ടാക്കുന്നതിനും വേണ്ടിയായിരുന്നോ ജനങ്ങൾ ഇദ്ദേഹത്തെ തിരഞ്ഞെടുത്ത് നിയമസഭയിലെത്തിച്ചതെന്നും ഭാഗ്യലക്ഷ്മി ചോദ്യം ചെയ്തു.

രാഹുൽ മാങ്കൂട്ടത്തിലിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ ഇപ്പോൾ അപമാനിതരാവുകയാണെന്നും, ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തമെന്നും അവർ ചോദിച്ചു. അഞ്ച് വർഷം എംഎൽഎ ആയിരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടമെന്നും, തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ഇയാൾ ദുരുപയോഗം ചെയ്തെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. വോട്ട് ചെയ്ത ജനങ്ങളെക്കൂടിയാണ് എംഎൽഎ വഞ്ചിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

പുറത്തുവരാൻ ഭയക്കുന്ന എത്ര "ഉഭയസമ്മതക്കാർ" ഇനിയുമുണ്ടാകാമെന്നും, ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കിൽ ഇയാൾ ഇത് ആവർത്തിക്കില്ലായിരുന്നോ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണുള്ളതെന്നും, സ്വന്തം പാർട്ടിയോടോ ജനങ്ങളോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർത്ഥമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.