കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ സിനിമാ പ്രവർത്തകർ പ്രതികരിക്കാത്തതിൽ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിധിയിൽ നിലപാട് വ്യക്തമാക്കിയ സംവിധായകൻ കമലിന് നന്ദി അറിയിച്ച ഭാഗ്യലക്ഷ്മി, പൾസർ സുനിയെയും കൂട്ടരെയും പേടിച്ചിട്ടാകാം മറ്റുള്ളവർ പ്രതികരിക്കാത്തതെന്നും പരിഹസിച്ചു.

"ഹോ, ഒരു സംവിധായകനെങ്കിലും പ്രതികരിച്ചതിൽ സന്തോഷം. നന്ദി സർ," ഭാഗ്യലക്ഷ്മി തൻ്റെ പ്രതികരണത്തിൽ കുറിച്ചു. സിനിമാ സംഘടനകൾ നടൻ ദിലീപിന്റെ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് പേടിച്ചിട്ടാണെന്ന് മനസ്സിലാക്കാമെന്നും, എന്നാൽ പൾസർ സുനിയെയും കൂട്ടരെയും പേടിച്ചിട്ടാണോ ആരുടെയും പ്രതികരണം കാണാത്തതെന്നും അവർ ചോദ്യമുയർത്തി. ഒരുപക്ഷേ അതിജീവിത 'അമ്മ'യുടെ മകൾ അല്ലാത്തതുകൊണ്ടാകാം എന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു.

നേരത്തെ, അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അവർ വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പാക്കപ്പെട്ടിട്ടില്ല എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സംവിധായകൻ കമൽ വ്യക്തമാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതിക്കെങ്കിലും ജീവപര്യന്തം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, ഈ വിധി തൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കുറഞ്ഞ ശിക്ഷയായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിന്റെ തീവ്രത കുറഞ്ഞുപോയെന്ന് ജഡ്ജി കരുതിയോ എന്നറിയില്ലെന്നും, ചെറുപ്പക്കാർ തന്നെയാണ് നാട്ടിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്നും കമൽ കൂട്ടിച്ചേർത്തു. അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് വിശ്വാസമുള്ളിടത്തോളം നമ്മളും അത് അങ്ങനെതന്നെ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.