ഹൈദരാബാദ്: നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിഗ് ബോസ് തെലുങ്ക് താരം ശിവജിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുന്നു. വസ്ത്രം കുറയ്ക്കുന്നതിലല്ല, മറിച്ച് ശരീരം മുഴുവൻ മറയ്ക്കുന്ന സാരി ധരിക്കുന്നതിലാണ് സ്ത്രീകളുടെ സൗന്ദര്യം എന്നാണ് ശിവജി പറഞ്ഞത്. 'ധന്ദോറ' എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു നടന്റെ ഈ വിവാദ പ്രസംഗം.

"എല്ലാ നായികമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു, ദയവായി ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കി സാരിയോ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളോ ധരിക്കുക. സൗന്ദര്യം പൂർണ്ണമായ വസ്ത്രധാരണത്തിലോ സാരിയിലോ ആണ്, അല്ലാതെ ശാരീരിക പ്രദർശനത്തിലല്ല" ശിവജി പറഞ്ഞു.

ശിവജിയുടെ പരാമർശത്തിനെതിരെ പ്രശസ്ത ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. നടിമാർക്ക് ആവശ്യമില്ലാത്ത ഉപദേശങ്ങൾ നൽകുന്ന നടൻ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുവെന്നും അവർ കുറ്റപ്പെടുത്തി. നടൻ ജീൻസും ഹൂഡിയും ധരിക്കുമ്പോഴും സ്ത്രീകൾക്ക് മാത്രം വസ്ത്രധാരണത്തിൽ നിയന്ത്രണം വേണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ചിന്മയി പറഞ്ഞു.

രാം ഗോപാൽ വർമ്മയുൾപ്പെടെയുള്ള പ്രമുഖർ ശിവജിയുടെ പരാമർശത്തെ വിമർശിച്ചു. സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് വർമ്മ പറഞ്ഞു. സാവിത്രി, സൗന്ദര്യ തുടങ്ങിയ നടിമാരെയും രശ്മിക മന്ദാനയെയും ശിവജി ഉദാഹരണമായി കാണിച്ച് വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് സംസാരിച്ചു. ഗ്ലാമറിന് അതിർവരമ്പുകൾ ഉണ്ടാകണമെന്നും അത് ലംഘിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്ന രീതി പഴയകാലത്തിന്റേതാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും നടൻ മഞ്ചു മനോജ് പറഞ്ഞു. പൊതുസമൂഹത്തിൽ സ്വാധീനമുള്ളവർ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശിവജിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് വനിതാ കമ്മീഷനോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. വേദിയിലുണ്ടായിരുന്ന ആരും തന്നെ ഇദ്ദേഹത്തെ തടഞ്ഞില്ല എന്നതും വിമർശനത്തിന് കാരണമായി.