ചെന്നൈ: തന്റെ കരിയറിൽ ഒരിക്കൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള ചിത്രമാണ് 'കാന്ത'യെന്ന് ദുൽഖർ സൽമാൻ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് താരം ഈക്കര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ നിർമ്മാണം ആറ് വർഷം നീണ്ടുപോയതിനെക്കുറിച്ചും തിരക്കഥ മെച്ചപ്പെടുത്താനായി നടത്തിയ ചർച്ചകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 2019-ൽ ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് 'കാന്ത'യുടെ കഥ ആദ്യമായി കേൾക്കുന്നതെന്ന് ദുൽഖർ പറഞ്ഞു.

സംവിധായകൻ സെൽവയുടെ കഥ പറച്ചിലിൽ അത്രയധികം മുഴുകിപ്പോയെന്നും, സാധാരണയായി ഒന്നര-രണ്ട് മണിക്കൂറിൽ അവസാനിക്കുന്ന കഥപറച്ചിൽ അന്ന് വൈകുന്നേരം ഏഴര വരെ നീണ്ടുപോയെന്നും താരം പറഞ്ഞു. ആദ്യ പകുതി മാത്രം കേൾക്കാൻ നാല്-അഞ്ച് മണിക്കൂർ എടുത്തതിൽ അമ്പരന്നെങ്കിലും, കഥയോടുള്ള ഇഷ്ടം കാരണം സമയം പോയതറിഞ്ഞില്ലെന്ന് ദുൽഖർ കൂട്ടിച്ചേർത്തു. സെൽവ സംഗീതം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചപ്പോൾ, ഒരു സിനിമ കാണുന്ന പ്രതീതിയായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.

'ഒരു സിനിമയ്ക്കുവേണ്ടി ജീവിതത്തിൽ ഇത്രയധികം സ്ക്രിപ്റ്റ് മീറ്റിംഗുകൾ നടത്തിയിട്ടില്ല,' ദുൽഖർ പറഞ്ഞു. 'കഥയുടെ ഏതെങ്കിലും ഭാഗം മാറ്റണമെന്ന് പറഞ്ഞാൽ, സെൽവ അതിനനുസരിച്ച് പുതിയ വഴികളിലേക്ക് നീങ്ങുകയും പിന്നീട് പഴയ കഥയിലേക്ക് തിരിച്ചെത്താൻ ഞങ്ങൾ ചർച്ചകൾ നടത്തുകയും ചെയ്യുമായിരുന്നു. നാലഞ്ച് വർഷത്തോളമായി ഞങ്ങൾ ഇത് തുടർന്നുവരികയായിരുന്നു. ഓരോ 'കാന്താ' മീറ്റിംഗും അഞ്ച് മണിക്കൂറിൽ കുറയാതെ നീണ്ടുനിന്നു. ഏകദേശം 10-12 മീറ്റിംഗുകളിലായി 50 മുതൽ 80 മണിക്കൂറോളം ഞങ്ങൾ കഥകൾ കേട്ടിട്ടുണ്ട്.'

ഈ സിനിമ കൈവിട്ടുപോകുമോ എന്ന് തനിക്ക് പോലും ഭയമുണ്ടായിരുന്നതായി അദ്ദേഹം സമ്മതിച്ചു. സെൽവയുടെ കഥ പറച്ചിലിന്റെ രീതിയും ഓരോ ഘട്ടത്തിലും തിരക്കഥ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുമാണ് ഇതിനെല്ലാം കാരണമെന്ന് ദുൽഖർ വിശദീകരിച്ചു. ഒരുപാട് നാളത്തെ കാത്തിരിപ്പിനും നിരന്തരമായ ചർച്ചകൾക്കും ശേഷം 'കാന്ത' പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.